
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് പ്രതിരോധിക്കാൻ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച മുൻകരുതൽ പ്രതിരോധ നടപടികൾ ലംഘിക്കുന്നതിന് നിശ്ചയിച്ച പിഴകൾ പരിഷ്കരിക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആളുകൾ ഒരുമിച്ച് കൂടുന്നതിന് നേരത്തെ പ്രഖ്യാപിച്ച ശിക്ഷനടപടികൾ സംബന്ധിച്ച തീരുമാനങ്ങളുടെ തുടർച്ചയാണിത്. പുതിയ തീരുമാനമനുസരിച്ച് ആളുകൾ ഒരുമിച്ച് കൂടിയാൽ സ്ഥാപന ചുമതലയുള്ള ആളും സ്ഥാപനഉടമയും ശിക്ഷിക്കപ്പെടും.
വീടുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ പോലുള്ള സ്ഥലങ്ങളിൽ താമസ ബന്ധമില്ലാത്ത നിശ്ചിത എണ്ണത്തിൽ കൂടുതലാളുകൾ ഒരുമിച്ച് കൂടുന്ന ഫാമിലി സംഗമങ്ങൾക്ക് 10,000 റിയാൽ പിഴയുണ്ടാകും. വീടുകൾ, വിശ്രമകേന്ദ്രങ്ങൾ, ഫാമുകൾ, തമ്പുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിശ്ചിത എണ്ണത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്ന കുടുംബേതര സംഘങ്ങൾക്ക് പിഴ 15,000 റിയാലായിരിക്കും.
അനുശോചനം, പാർട്ടികൾ പോലുള്ള സാമൂഹിക ആവശ്യങ്ങൾക്കായുള്ള ഒരുമിച്ചു കൂടുൽ നിശ്ചിത ആളുകൾ കവിഞ്ഞാൽ 40,000 റിയാലായിരിക്കും പിഴ. വീടുകൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഫാമുകൾ പോലുള്ള സ്ഥലങ്ങളിൽ താമസക്കാരല്ലാത്ത അഞ്ച് ആളുകളോ, അതിൽ കൂടുതൽ പേരോ ഒരുമിച്ച് കൂടിയാൽ പിഴ 50,000 റിയാലായിരിക്കും.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നത് വ്യക്തികളാണെങ്കിൽ പിഴ ആദ്യ തവണ 1000 റിയാലായിരിക്കും. നിയലംഘനം ആവർത്തിച്ചാൽ പിഴ 10,000 വരെയുണ്ടാകും. മാസ്ക് ധരിക്കാതിരിക്കുക, മാസ്ക് ധരിക്കുേമ്പാൾ മുഖവും മൂക്കും മൂടാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, ശരീരോഷ്മാവ് പരിശോധന നിരസിക്കുക തുടങ്ങിയവ നിയമലംഘനങ്ങളിലുൾപ്പെടും.
അനുമതി പത്രമില്ലാതെ ഹറമിൽ നമസ്കാരത്തിനെത്തുന്നവർക്ക് 1000 റിയാൽ പിഴയുണ്ടാകും. നിയമംലംഘിച്ചുള്ള ഒത്തുചേരലുകളിൽ ഹാജരാകുന്ന ഒരോ വ്യക്തിക്കും 5,000 റിയാൽ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിച്ചാൽ ഒരു ലക്ഷം വരെ പിഴയുണ്ടാകും. മൂന്നാംതവണ ആവർത്തിച്ചാൽ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കി നിയമപ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകും.
നിയമംലംഘിച്ച ഒത്തുച്ചേരലുകൾക്ക് ക്ഷണിക്കുകയോ, സംഘടിപ്പിക്കുകയോ ചെയ്യുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുകയും ഒരു ലക്ഷം റിയാൽ വരെ പിഴ ഉണ്ടാകുകയും ചെയ്യും. മൂന്നാംതവണ ആവർത്തിച്ചാൽ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കി നിയമപ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകും.
കോവിഡ് വ്യാപനം കുറക്കാൻ ആളുകളുടെ ഒത്തുച്ചേരലുകൾ കുറക്കാനും സാമൂഹിക അകലം പാലിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പരിഷ്കരിച്ച ശിക്ഷനടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുഴുവനാളുകളും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും നിയമംലംഘിച്ചുള്ള ഒത്തുചേരലുകൾ നടത്തരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല