1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2021

സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് മാറ്റിവെക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പ്രതിസന്ധിമൂലം നിർത്തിവെച്ചിരുന്ന അന്തരാഷ്ട്ര വിമാന സർവിസുകൾ മെയ് 17 ന് പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സങ്കീർണമായ അവസ്ഥയിൽ അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ പുനരാലോചന നടത്തേണ്ട സാഹചര്യമാണുള്ളതെന്ന് കോവിഡ് പ്രതിരോധ പ്രത്യേക സമിതി സെക്രട്ടറി ഡോ. തലാൽ അൽ തുവൈജിരി പറഞ്ഞു.

നിരവധി പരിഗണനകൾ കണക്കിലെടുത്താണ് അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കാനുള്ള അന്തിമ തീരുമാനം എടുക്കുക. ബന്ധപ്പെട്ട അധികാരികൾ എല്ലാ വശത്തുനിന്നും ഇക്കാര്യം പഠിക്കാൻ ശ്രമിക്കുകയാണ്. തീരുമാനത്തിന് ഉപോത്ബലകമായ വ്യത്യസ്ത ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പ്രഖ്യാപിത തീയതിക്ക് മുമ്പുള്ള എല്ലാ അവസ്ഥകളും പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ആരോഗ്യ സുരക്ഷ പരിഗണിച്ച് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ വൈറസ് തുടർച്ചയായി പടരുന്നതിന്റെ വെളിച്ചത്തിൽ അടിയന്തിര ആവശ്യമില്ലാതെ യാത്ര ചെയ്യരുതെന്നും യാത്രക്ക് മുമ്പ് നിർബന്ധമായും വാക്സിനേഷൻ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ സൗദി ഏറെ മുമ്പിലാണ്. 2020 ജനുവരിയിൽ തന്നെ പ്രത്യേക സമിതി ഇതിനായി രൂപവത്‌കരിച്ച് കോവിഡ് പ്രതിരോധ പരിപാടികൾ നടപ്പിലാക്കിയത് ഏറെ ഫലം നേടാനായതായും ഡോ. തലാൽ അൽ തുവൈജിരി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.