1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: ജനിതകമാറ്റം വന്ന കൊവിഡ്​ കണ്ടെത്തിയ പശ്​ചാത്തലത്തിൽ സൌദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിച്ചു. ഞായറാഴ്ച രാവിലെ 11 മുതൽ രാജ്യത്തേക്കുള്ള കര, കടൽ അതിർത്തികൾ ഉൾപ്പെടെ തുറക്കും. രാജ്യത്തേക്കുള്ള വിമാന സർവിസുകളുടെ വിലക്കുകളും നീക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൌദിയിലേക്കുള്ള എല്ലാ പ്രവേശന മാർഗങ്ങളും അടച്ചിരുന്നത്. സൌദിയിൽ ഇതുവരെ പുതിയ വൈറസ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് മുതൽ വിദേശികൾക്കും സ്വദേശികൾക്കും രാജ്യത്തേക്ക് മടങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. എന്നാൽ, പുതിയ കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് സൌദിക്ക് പുറത്തുള്ള മറ്റേതെങ്കിലും രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്‍റീൻ പൂർത്തിയാക്കണം. തുടർന്ന്​ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ രാജ്യത്ത്​ പ്രവേശിക്കാനാവൂ.

പുതിയ കൊവിഡ് വൈറസ് കണ്ടെത്താത്ത രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് നേരത്തെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ തന്നെ തുടരും. അവർ സൌദിയിലെത്തി ഏഴ് ദിവസം ക്വാറന്‍റീനിൽ തുടരുകയോ മൂന്ന് ദിവസത്തിന് ശേഷം പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുകയോ വേണം.

ഇന്ത്യയിൽനിന്നും നേരിട്ടുള്ള വിമാന സർവിസുകൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്കിനെസംബന്ധിച്ച അവ്യക്തത തുടരുകയാണ്. എന്നാൽ, മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് വരുന്ന ഇന്ത്യക്കാർക്ക് സൌദിയിൽ പ്രവേശിക്കാം. ദുബായിലും മറ്റുമായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഇതോടെ സൌദിയിൽ എത്താനുള്ള വഴിതുറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.