
സ്വന്തം ലേഖകൻ: കഴിഞ്ഞ ചൊവ്വാഴ്ച സൌദിയില്‍ ലഭ്യമായി തുടങ്ങിയ കൊവിഡ് -19 വാക്സിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് ഘട്ടങ്ങളിലായാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ഓരോ ഘട്ടത്തിലും നിര്‍ദ്ദിഷ്ട ജനസംഖ്യാടി സ്ഥാനത്തിലാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുക. വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും മന്ത്രാലയം രാജ്യത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ വാക്സിൻ കാമ്പയിൻ ജിദ്ദയിലും ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ജിദ്ദയിലെ പൗരന്മാർക്കും സ്വദേശികൾക്കും ഫൈസർ വാക്സിൻ കുത്തിവെപ്പ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്.
വാക്സിനേഷൻ കാമ്പയിന് കഴിഞ്ഞയാഴ്ച റിയാദിലാണ് ആരംഭം കുറിച്ചത്. രണ്ടാമതായാണ് ജിദ്ദ മേഖലയിൽ തുടക്കമിട്ടത്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത്ത് ടെർമിനലിൽ വാക്സിനേഷന് വേണ്ടി ഒരുക്കിയ ഹാളിൽ സ്വിഹത്തി ആപ്പിൽ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു പൗരനും ഒരു വിദേശിക്കും വാക്സിൻ കുത്തിവെപ്പ് നടത്തിയാണ് കാമ്പയിൻ ആരംഭിച്ചത്.
ജിദ്ദ മേഖലയിൽ കുത്തിവെപ്പിനുള്ള ആദ്യ സ്ഥലമായി ജിദ്ദ വിമാനത്താവളത്തിലെ സൗത്ത് ടെർമിനൽ നിശ്ചയിച്ചതായും അധികൃതർ അറിയിച്ചു. പ്രത്യേക മെഡിക്കൽ ടീമുകൾ സ്ഥലത്തുണ്ട്. കുത്തിവെപ്പ് നൽകുന്നതിന് 84 മുറികൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ കഴിയുന്ന വിധത്തിലാണ് സ്ഥലമൊരുക്കിയിരിക്കുന്നത്. ജിദ്ദയുടെ മറ്റ് ഭാഗങ്ങളിലും വാക്സിൻ നൽകുന്നതിനുള്ള കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾ പൂർത്തിയായി വരുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് ജിദ്ദ വിമാനത്താവള സൗത്ത് ടെർമിനൽ പൂർണ സജ്ജമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വേണ്ട മുൻകരുതലുകളോടെ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.
റിയാദിന് ശേഷം കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന സൗദിയിലെ രണ്ടാമത്തെ മേഖലയാണ് ജിദ്ദ. ഇൗ മാസം 17ന് തലസ്ഥാന നഗരമായ റിയാദിൽ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ കുത്തിവെപ്പെടുത്തുകൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഇതിനകം 10,000ത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് എടുത്തു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല