1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 4.15 കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 2.32 കോടി ആളുകള്‍ക്ക് ആദ്യ ഡോസും (70 ശതമാനം) 1.82 കോടി പേര്‍ക്ക് (55 ശതമാനം) രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ 70 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വിതരണം ചെയ്ത് സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ പ്രതിദിനം ശരാശരി 3.65 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തെ വാക്‌സിനേഷന്‍ ക്യാംപയിന്‍ നിലവിലെ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ ഒക്ടോബറോടെ ലക്ഷ്യം കൈവരിക്കുക പ്രയാസകരമാവില്ലെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

പൊതു ഇടങ്ങളിലെ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ രാജ്യത്ത് കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി. ഇതേത്തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ വാക്‌സിനെടുക്കാന്‍ രംഗത്തുവന്നതായും മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നു മുതലായിരുന്നു രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയത്. മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റൊറന്റുകള്‍, ആരാധനാലയങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, പൊതു ചടങ്ങുകള്‍ തുടങ്ങിയ ഇടങ്ങളിലും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.

അതോടൊപ്പം ഓഗസ്റ്റ് ഒന്‍പത് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സൗദിയില്‍ നിന്ന് പുറത്തു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും രംഗത്തെത്തിയിരുന്നു. തവക്കല്‍നാ ആപ്പ് വഴിയാണ് സ്വദേശികളുടെയും വിദേശികളുടെയും വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി കോവിഡ് വ്യാപനത്തിന്റെ തോത് വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായതായും മന്ത്രാലയം അവകാശപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സൗദിയിലെ കോവിഡ് വ്യാപന നിരക്ക് 50ല്‍ താഴെ മാത്രമാണ്.

അതേസമയം, രാജ്യത്തെ 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്ന കാര്യത്തിലും മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.