
സ്വന്തം ലേഖകൻ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. എന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് വർഷം തോറും എന്ന തോതിലോ, രണ്ടോ മൂന്നോ വർഷം എന്ന തോതിലോ ഡോസുകൾ നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ അഞ്ചു വയസ്സ് മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കു വാക്സിനേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഭാഗമായാണ് വാക്സിനേഷൻ ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
രണ്ടാം ഡോസ് വാക്‌സീൻ എടുത്തു മൂന്നു മാസമായവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും നിലവിൽ ബൂസ്റ്റർ ഡോസിന് ഫൈസർ ബയോടെക് വാക്സിൻ മാത്രമാണ് രാജ്യത്തു ലഭ്യമായിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒന്നും രണ്ടും വാക്സിനേഷനുകൾ ഏതു സ്വീകരിച്ചവർക്കും നിലവിൽ ഫൈസർ വാക്സിൻ ആണ് വിതരണം ചെയ്യുന്നത്.
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിന് ശേഷമാണ് ബുക്കിങ് ആപ്പിൽ അപ്പോയ്മെന്റ് എടുക്കാൻ സംവിധാനം ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം എല്ലാവർക്കും ബുക്കിങ് ലഭിച്ചിരുന്നു. സിഹ്ഹത്തീ ആപ്ലികേഷൻ മുഖേന നിരവധി പേർ ഇത് ഉപയോഗപ്പെടുത്തി. 12 വയസിന് മുകളിലുളവർക്കാണ് ഇതുവരെ വാക്സിനേഷൻ ലഭ്യമായിരുന്നതെങ്കിൽ 5 വയസ് മുതൽ മുകളിലേക്കുള്ള മുഴുവൻ പേർക്കും വാക്സിനേഷൻ ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല