1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. ആദ്യ ഡോസ് എടുത്ത കുട്ടികള്‍ക്ക് നാല് ആഴ്ച കഴിഞ്ഞാല്‍ രണ്ടാം ഡോസ് എടുക്കാമെന്ന് ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അല്‍ അസീരി അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ പകുതിയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

കുട്ടികളില്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. വാക്‌സിന്‍ എടുത്തത് കാരണം എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സൗദിയില്‍ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങിയത്. 11നു മുകളില്‍ പ്രായമുള്ളവര്‍ക്ക് നേരത്തേ തന്നെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു.

അതേസമയം, വാക്‌സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും കോവിഡിനെതിരായ സാമൂഹിക പ്രതിരോധം തീര്‍ക്കാന്‍ കഴിയണമെങ്കില്‍ എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം മാത്രമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ അതിന്റെ വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. വാക്‌സിനേഷന്‍ കാര്യത്തില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് ഇതിന് കാരണം. വാക്‌സിന്‍ എടുക്കാത്തവരിലാണ് ഒമിക്രോണ്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 4,838 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. റിയാദില്‍ 1,511, ജിദ്ദയില്‍ 509, മദീനയില്‍ 198, ഹുഫൂഫില്‍ 189, മക്കയില്‍ 156, ജസാനിലും ദമ്മാമിലും 113 വീതം, അബ്ഹയില്‍ 109 എന്നിങ്ങിനെയാണ് പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ വര്‍ധനവാണ് കോവിഡ് രോഗ മുക്തിയുടെ കാര്യത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 6296 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 606,130 ആയി ഉയര്‍ന്നു. ഇന്നലെ രണ്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,922 ആയി. അതിനിടെ, ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 42140 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.