
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗത, കായിക, ടൂറിസ്റ്റ് താമസ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സീൻ നിർബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കായിക മന്ത്രാലയവും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയും പുറത്തിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനി ചെലവിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്.
ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ ഒന്ന് മുതൽ കോവിഡ് കുത്തിവെപ്പെടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയവരോ ആയിരിക്കണമെന്ന് ടൂറിസം മന്ത്രാലയം നിർദേശിച്ചു. കോവിഡ് വാക്സിനെടുക്കാത്തവർക്ക് ഒരോ ആഴ്ചയിലും എടുക്കുന്ന പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
വരുംദിവസങ്ങളിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കുടുതൽ മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ജോലിക്ക് കോവിഡ് വാക്സിനെടുത്തിരിക്കൽ നിബന്ധനയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സൗദിയിൽ 35 ലക്ഷത്തിലേറെ ഡോസ് വാക്സീൻ വിതരണം ചെയ്തു. ഫൈസർ, ആസ്ട്ര സെനക വാക്സീനാണ് സൗദിയിൽ നൽകുന്നത്. ഇതുവരെ 1.47 കോടി ജനങ്ങൾക്ക് പിസിആർ ടെസ്റ്റ് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല