
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച മുതൽ റജിസ്ട്രേഷൻ ആരംഭിച്ച കൊറോണ വാക്സീന് സൌദിയിൽ പൊതുജനങ്ങളിൽ നിന്ന് വൻപ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘സിഹ്ഹത്തീ’ ആപ്ലിക്കേഷൻ വഴി വാക്സീന് റജിസ്റ്റർ ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു. പ്രവാസികളിലും സ്വദേശികളിലും 60 ശതമാനം പേരും വാക്സീൻ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് പൊതുജനാഭിപ്രായം തെളിയിക്കുന്നു.
നിലവിൽ 550 ക്ലിനിക്കുകളും 600 ലധികം കിടക്കകളും നൂറിലധികം ആരോഗ്യ പ്രവർത്തകരെയും പ്രതിരോധ കുത്തിവെയ്പ്പിനായി സജ്ജീകരിച്ചിട്ടുണ്ട്. വാക്സീനോട് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന് ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബിഅ പറഞ്ഞു. ഏത് പ്രതിരോധ മരുന്നുകളുടെയും ചരിത്രം ഇത് തന്നെയായിരുനെന്നും എന്നാൽ ജനങ്ങൾ അവയുടെ മൂല്യം ഇന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രീകരിച്ച് വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നു. ഇത് പ്രാവർത്തികമായാൽ പതിനായിരക്കണക്കിന് വാക്സീനേഷനുകൾ ദിവസവും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭൂരിപക്ഷം പേരും മഹാമാരിയിൽ മടുത്തവരാണ്. അതു കൊണ്ട് തന്നെ ഫലപ്രദവും സുരക്ഷിതവുമായ രീതിയിൽ വാക്സീൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു. തുടർച്ചയായ ഗവേഷണങ്ങളിലൂടെയും വിവിധ ഘട്ടങ്ങളിലെ പരിശോധനകളിലൂടെയും പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്തി സ്ഥിരീകരിച്ചതാണ്. പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ മന്ത്രാലയം സൗജന്യമായി പ്രഖ്യാപിച്ച വാക്സീൻ എടുക്കാൻ മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു.
അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ പരിഗണനയെന്നും അധികൃതർ അറിയിച്ചു. 65 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, 40 വയസിന് മുകളിലുള്ള അമിതവണ്ണക്കാർ, അവയവ മാറ്റ ശസ്ത്രക്രിയയോ മറ്റോ നടത്തി സ്ഥിരം മരുന്ന് കഴിക്കുന്നവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. ആസ്ത്മ, പ്രമേഹം, വൃക്കരോഗം, ഉദര രോഗങ്ങൾ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ഒരിക്കൽ ഹൃദയാഘാദമുണ്ടായവർ എനീവയിൽ ഏതെങ്കിലും രണ്ടവസ്ഥകൾ ഉള്ളവരെയും ഈ ഘട്ടത്തിൽ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
50 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളെയും സ്വദേശികളെയും രണ്ടാം ഘട്ടത്തിലെ പട്ടികയിലാണ് ഉൾപ്പടുത്തിയിട്ടുള്ളത്. തുടർന്ന് ആരോഗ്യ രംഗത്തുള്ള മുഴുവൻ പേർക്കും നൽകും. ശേഷം മുകളിൽ സൂചിപ്പിച്ച രോഗങ്ങൾ ഉള്ള 30 നും 40 നും ഇടയിൽ പ്രായമുള്ളവരെയും പരിഗണിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മൂന്നാം ഘട്ടത്തിലാണ് വാക്സീൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും നൽകുക എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല