സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കിടെ ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന നിര്‍ദ്ദിഷ്ട ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി സാമ്പത്തിക-വാണിജ്യ-വികസന രംഗങ്ങളില്‍ വിപ്ലകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സൗദി അറേബ്യയുടെ കഴിഞ്ഞ ദശകങ്ങളിലെ മുന്നേറ്റങ്ങളെക്കുറിച്ചും ഭാവിപരിപാടികളെ കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തിന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം വാചാലനായി.
ഇന്ത്യയെയും യൂറോപ്പിനെയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് മേഖല വഴി ബന്ധിപ്പിക്കുന്ന പദ്ധതി ഇന്ത്യക്കും യൂറോപ്പിനുമിടയിലെ വ്യാപാര സാമ്പത്തിക കൈമാറ്റം മൂന്നു മുതല്‍ ആറുവരെ ദിവസം ലാഭിക്കാനിടയാക്കുമെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. സാമ്പത്തികമായി വികസിപ്പിക്കുന്നതിനും മുന്നേറുന്നതിനും അറബ് മേഖലയിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇറാന്‍ ആണവായുധം സ്വന്തമാക്കുകയാണെങ്കില്‍ ഈ മേഖലയിലെ അധികാര സന്തുലിതാവസ്ഥയ്ക്ക് അത് കാരണമാവും. അപ്പോള്‍ സൗദിയും ആണവരാഷ്ട്രമായി മാറേണ്ടിവരും.
ഉപയോഗിക്കാനാവില്ല എന്നതിനാല്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്നതുകൊണ്ട് പ്രയോജനമില്ല. ആണവായുധങ്ങള്‍ ലഭ്യമാകുന്നത് നല്ല കാര്യവുമല്ല. ആണവായുധം കൈവശം വെക്കുന്ന രാജ്യം മറ്റെല്ലാ രാജ്യങ്ങളുമായും യുദ്ധത്തിലേര്‍പ്പെടുകയാണ്. സൗദിക്കും ഇറാനുമിടയിലെ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ചൈനയാണ് മുന്നോട്ടുവന്നത്. ഇറാനുമായുള്ള ബന്ധം ഇപ്പോള്‍ നല്ല രീതിയിലാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ രചിച്ച രാജ്യമാണ് സൗദിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ശക്തമായ സാമ്പത്തിക അടിത്തറയില്‍ രാജ്യം അതിവേഗത്തില്‍ പുരോഗതി പ്രാപിച്ചുവരികയാണ്. രാജ്യത്തിന്റെ പെട്രോളിയം നയം വിപണിക്ക് അനുസരിച്ചുള്ളതാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും വിപണി സ്ഥിരതയ്ക്ക് സൗദി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദിയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള കരാര്‍ ഒപ്പുവെക്കാന്‍ അമേരിക്കയുമായി സൗദി ചര്‍ച്ച നടത്തുന്നുണ്ട്. ബൈഡന്‍ ഭരണകൂടം അതില്‍ വിജയിച്ചാല്‍ ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും ഇത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഫലസ്തീന്‍ പ്രശ്‌നം വളരെ പ്രധാനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഫോക്‌സ് ന്യൂസിലെ വെറ്ററന്‍ ബ്രോഡ്കാസ്റ്ററും ചീഫ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റുമായ ബ്രെറ്റ് ബെയര്‍ ആണ് സൗദിയിലെത്തി കിരീടാവകാശിയുമായി അഭിമുഖം നടത്തിയത്. സൗദിയില്‍ ക്യാംപ് ചെയ്ത് വിവിധ മേഖലകളില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിവരുന്ന ബ്രെറ്റ് ബെയര്‍ നിരവധി മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല