1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2023

സ്വന്തം ലേഖകൻ: സൗദിയിലെ എല്ലാ കര, കടല്‍, വ്യോമ അതിര്‍ത്തികളിലെയും കസ്റ്റംസ് ക്ലിയറന്‍സ് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക പദ്ധതിയുമായി അധികൃതര്‍. പരമാവധി രണ്ട് മണിക്കൂറിനകം കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് പുതിയ സംവിധാനം. രാജ്യാതിര്‍ത്തിയില്‍ എത്തി രണ്ട് മണിക്കൂറിനുള്ളില്‍ എല്ലാ പോര്‍ട്ടുകളില്‍ നിന്നും ക്ലിയറന്‍സ് നേടാനാകുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

രാജ്യത്തെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. സൗദിയിലെ എല്ലാ കര, കടല്‍, വ്യോമ കസ്റ്റംസ് പോര്‍ട്ടുകളിലും ഇനി മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനുള്ള സംവിധാനം നിലവില്‍ വന്നതായി സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 26 ന് റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര കസ്റ്റംസ് ദിന ആഘോഷത്തിന്റെ മുന്നോടിയായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതോറിറ്റി ഗവര്‍ണര്‍, എന്‍ജിനീയര്‍ സുഹൈല്‍ അബന്‍മിയും കസ്റ്റംസ് ക്ലിയറന്‍സ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. രാജ്യത്തെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. 2030 ഓടെ കസ്റ്റംസ് ക്ലിയറന്‍സ് നടപടികള്‍ മുപ്പത് മിനുട്ടിനകം പൂര്‍ത്തിയാക്കാനാകും വിധമുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ലോജിസ്റ്റിക് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുറമെ, നിരവധി ഗുണപരമായ മാറ്റങ്ങള്‍ കൈവരിക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഞ്ചിനീയര്‍ അബാനോമി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.