1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2022

സ്വന്തം ലേഖകൻ: ഒരു പ്രവാസി തൊഴിലാളിക്കെതിരെ കോടതി യാത്രാ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയമ ലംഘനത്തിന്റെ ഭാഗമായുള്ള നാടുകടത്തല്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആ യാത്രാ നിരോധനം തടസ്സമല്ലെന്ന് സൗദി. സൗദി ജുഡീഷ്യല്‍ ഇംപ്ലിമെന്‍റേഷന്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണിത്. ഇതുമായി ബന്ധപ്പെട്ട് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 46 ഭേദഗതി ചെയ്തതായി അല്‍-വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ നിയമത്തിന്റെ 46-ാം അനുച്ഛേദം പ്രകാരം ഒരാള്‍ കടം വീട്ടാനുള്ള ഉത്തരവ് നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അയാള്‍ക്കെതിരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് രീതി. എന്നാല്‍, ഇത്തരം യാത്രാ നിരോധനം കാരണം മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രവാസികള്‍ക്കെതിരെ ബന്ധപ്പെട്ട ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന നാടുകടത്തല്‍ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പുതിയ നിയമഭേദഗതി. നിലവില്‍ യാത്രാ നിരോധനം പിന്‍വലിക്കപ്പെടുന്നത് വരെ ഇയാള്‍ക്കെതിരായ നാടുകടത്തല്‍ ഉത്തരവ് നീട്ടിവയ്ക്കുകയാണ് ചെയ്യുന്നത്.

മിക്ക കേസുകളിലും കടം വീടാനുള്ള തുക അടയ്ക്കുന്ന മുറയ്ക്ക് മാത്രമേ യാത്രാ നിരോധനം പിന്‍വലിക്കപ്പെടുകയുള്ളൂ. അത്രയും കാലം രാജ്യത്ത് തുടരാന്‍ പ്രവാസിക്ക് കഴിയും. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം പ്രവാസിക്കെതിരെ യാത്രാ നിരോധനം നിലവിലുണ്ടെങ്കിലും മതിയായ കാരണവും അധികാരപ്പെട്ട ഏജന്‍സിയുടെ ഉത്തരവും ഉണ്ടെങ്കില്‍ അയാളെ നാടുകടത്തുന്നതിന് യാത്രാനിരോധനം തടസ്സമാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.