1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2022

സ്വന്തം ലേഖകൻ: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഓണ്‍ലൈന്‍ കരാര്‍ ജനുവരി ഒന്നു മുതല്‍ സൗദിയില്‍ നിര്‍ബന്ധമാക്കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേപ്പര്‍ കരാറുകള്‍ ജനുവരി 1 മുതല്‍ അംഗീകരിക്കില്ലെന്നും കോടതി വ്യവഹാരങ്ങള്‍ ഇനി മുതല്‍ അവ സ്വീകാര്യമല്ലെന്നുമുള്ള രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. ഇത്തരമൊരു തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ രൂപത്തില്‍ രജിസ്റ്റര്‍ ചെയ്തതല്ലാത്ത കരാറുകള്‍ അംഗീകരിക്കില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും ഇത്തരം വാര്‍ത്തകള്‍ ഔദ്യോഗിക ശ്രോതസ്സുകളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂവെന്നും മന്ത്രാലയം വക്താവ് സഅദ് അല്‍ ഹമ്മാദ് ട്വിറ്ററില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്തകള്‍ നല്‍കുന്നവര്‍ അത് ശരിയാണെന്ന് ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പിച്ചു മാത്രമേ അത് നല്‍കാവൂവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രാലയത്തിന്റെ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായി തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടെങ്കിലും അത് നിര്‍ബന്ധമാക്കിയിട്ടില്ല. പേപ്പര്‍ കരാറുകള്‍ സ്വീകരിക്കില്ലെന്ന അര്‍ഥം ഇതിനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമായാണ് ലേബര്‍ കോണ്‍ട്രാക്ടുകളുടെ ഡിജിറ്റല്‍വത്കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഖിവ പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍ കരാറുകള്‍ക്ക് മാത്രമേ നിയമ സാധുത ഉള്ളൂ എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഖിവ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത കരാര്‍ ആയിരിക്കും ഇനി മുതല്‍ സൗദിയിലെ ഔദ്യോഗിക തൊഴില്‍ കരാറെന്നും ഇതോടെ, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് കോടതികളെ സമീപിക്കേണ്ടി വന്നാല്‍ പേപ്പര്‍ കരാര്‍ പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നാണ് മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

തൊഴിലുടമ ഖിവ പോര്‍ട്ടലില്‍ തൊഴിലാളിയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതിന് ശേഷം തൊഴിലാളിക്ക് മൊബൈലില്‍ ഇതിന്റെ സന്ദേശം ലഭിക്കും. ഇത് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ തൊഴിലാളിക്ക് കരാര്‍ അംഗീകരിക്കാം. പിന്നീടുള്ള ഏത് തര്‍ക്കങ്ങളിലും ഇതാകും അടിസ്ഥാന രേഖ എന്നതിനാല്‍ നല്ല രീതിയില്‍ ഇത് വായിച്ച് മനസ്സിലാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനകം നാല് ലക്ഷത്തോളം സ്ഥാപനങ്ങള്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.