
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തൊഴില്‍ കരാറുകളുമായി ഇന്‍ഷുറന്‍സ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയം വക്താവ് സഅദ് അല്‍ ഹമ്മാദാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മന്ത്രാലയം അവതരിപ്പിച്ച ഈ സംരംഭത്തിന് മന്ത്രിസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
റിക്രൂട്ട്മെന്റ് ഫീസിന്റെ ഉയര്‍ന്ന പരിധി മന്ത്രാലയം ഇടയ്ക്കിടെ അവലോകനം ചെയ്യുമെന്നും അല്‍ ഹമ്മാദ് പറഞ്ഞു. കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലായിരിക്കും അവലോകനം നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു. റിക്രൂട്ട്മെന്റ് ചെലവുകളുടെ ഉയര്‍ന്ന പരിധി സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും കൃത്രിമം നടത്തുകയോ ചെയ്താല്‍ റിക്രൂട്ട്മെന്റ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
ആര്‍ക്കെങ്കിലും ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, രാജ്യത്തെ റിക്രൂട്ട്മെന്റ് മേഖലയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ മുസാനിദ് മുഖേന അപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയുടെ സമഗ്ര വികസന പരിപാടിയുടെ ഭാഗമായി, ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസിന് മന്ത്രാലയം ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉയര്‍ന്ന ഫീസ് മൂല്യവര്‍ധിത നികുതി (വാറ്റ്) കൂടാതെ 15,000 റിയാലായി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുനല്‍കുന്ന രീതിയില്‍ തൊഴില്‍ വിപണിയിലെ റിക്രൂട്ട്മെന്റ് ചെലവുകള്‍ നിരീക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമാണ് തീരുമാനം.
2022 സെപ്റ്റംബറില്‍, ലൈസന്‍സുള്ള കമ്പനികളും ഏജന്‍സികളും വിവിധ രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവിനുള്ള ഉയര്‍ന്ന പരിധി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉയര്‍ന്ന പരിധി മന്ത്രാലയം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിനാണ് ഏറ്റവും കൂടുതല്‍ ചെലവ്. വാറ്റ് കൂടാതെ 17,288 റിയാലാണിത്.
ഓരോ രാജ്യത്തിനും വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ചെലവുകളുടെ എല്ലാ വശങ്ങളും പ്രത്യേകം ശ്രദ്ധാപൂര്‍വ്വം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു. വരും കാലയളവില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പൊതുവെ റിക്രൂട്ട്മെന്റ് മേഖല മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം നിരവധി പ്രത്യേക പരിപാടികളും സംരംഭങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. വേതന സംരക്ഷണ പരിപാടി അതില്‍ പ്രധാനമാണ്. സൗദിയിലെ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് പദ്ധതി. ഇതുപ്രകാരം തൊഴിലുടമകള്‍ തങ്ങള്‍ക്കു കീഴിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം സൗദി സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള ബാങ്കുകളും മറ്റ് സാമ്പത്തിക ഏജന്‍സികളും വഴി കൈമാറണമെന്ന് വ്യവസ്ഥയുണ്ട്. ശമ്പളത്തിലെ തിരിമറി തടയുന്നതിന് വേണ്ടിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല