1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ പുതുതായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഇനി മുതല്‍ ഇന്‍ഷൂറന്‍സ് കവറേജ് നിര്‍ബന്ധമാക്കാന്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് അല്‍ ഇഖ്ബാരിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറിയ സാമ്പത്തിക ബാധ്യത മാത്രം വരുന്നതായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി.

തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളിയും തമ്മിലുള്ള അന്തിമ കരാര്‍ തയ്യാറാക്കുന്ന സമയത്ത് ഇന്‍ഷൂറന്‍സ് കവറേജിനെ കുറിച്ച് ഇരു വിഭാഗങ്ങളെയും റിക്രൂട്ട്‌മെന്റ് സ്ഥാപനം അറിയിക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുന്ന രീതിയിലായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പില്‍ വരുത്തുക. കരാര്‍ കാലയളവില്‍ ഗാര്‍ഹിക തൊഴിലാളി തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ഓടിപ്പോവുകയോ രോഗ ബാധിതരാവുകയോ മരണപ്പെടുകയോ ചെയ്യുന്ന പക്ഷം തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

എല്ലാവര്‍ക്കും താങ്ങാനാവുന്ന തുക മാത്രമേ ഇന്‍ഷൂറന്‍സ് പദ്ധതിക്കായി ഈടാക്കുകയുള്ളൂ എന്നും മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ടിവി റിപ്പോര്‍ട്ട് ചെയ്തു. തൊഴിലുടമ റിക്രൂട്ട്മെന്റ് കരാര്‍ പ്രകാരമുള്ള വേതനം നല്‍കാതിരുന്നാല്‍ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക പ്രകാരം ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിക്കുന്നതിനും പണം ഈടാക്കുന്നതിനും സൗകര്യമുണ്ടാകും.

തൊഴില്‍ കരാറിന്റെ ഭാഗമായിട്ടായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക. അതിനാല്‍ ഇന്‍ഷൂറന്‍സ് പദ്ധതി എടുക്കാതെ ഗാര്‍ഹിക തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ സാധുവാവുകയില്ല. ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിയമം തുടക്കത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതിയാവും എന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് തൊഴില്‍ കരാറുമായി ബന്ധപ്പെടുത്തിയ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും പോളിസി എടുക്കല്‍ നിര്‍ബന്ധമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.