1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2024

സ്വന്തം ലേഖകൻ: തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യ ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ വന്‍ പരിഷ്‌കരണം കൊണ്ടുവന്നു. തൊഴിലിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാകളികള്‍ക്ക് സൗദി വിടാന്‍ രണ്ടു മാസത്തെ സാവകാശം അനുവദിക്കുകയോ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അനുവദിക്കുകയോ ചെയ്യുന്നതാണ് നിയമ ഭേദഗതി.

2024 മാര്‍ച്ച് 28ന് മാനവ വിഭവ ശേഷി മന്ത്രാലയം കൈക്കൊണ്ട ഈ തീരുമാനം ഉത്തരവ് പ്രസിദ്ധീകരിച്ച് 120 ദിവസങ്ങള്‍ക്ക് ശേഷം (നാലു മാസത്തിന് ശേഷം) പ്രാബല്യത്തില്‍ വരും. പുതിയ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പ്രവാസികള്‍ക്ക് ഗുണകരമായേക്കും.

തൊഴിലാളി സൗദിയിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ആണ് ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെങ്കില്‍ സ്‌പോണ്‍സര്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതോടെ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങാം. 60 ദിവസമാണ് ഇതിനുള്ള സമയം. ഇതുകഴിഞ്ഞാല്‍ തൊഴിലാളി ഇഖാമ തൊഴില്‍ നിയമലംഘകനായി പരിഗണിക്കപ്പെടും.

രണ്ട് വര്‍ഷത്തിനു ശേഷമാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെങ്കില്‍ 60 ദിവസത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ഫൈനല്‍ എക്‌സിറ്റില്‍ പോകുകയോ ചെയ്യണം. അല്ലെങ്കില്‍ തൊഴിലാളി നിയമ ലംഘകനായി പരിഗണിക്കപ്പെടും.

തൊഴില്‍ വിപണി ആകര്‍ഷണീയമാക്കുന്നതിനും റിക്രൂട്ട്മെന്റ് മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ കുറയ്ക്കുന്നതിനും തൊഴില്‍ കരാറിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പരിഷ്‌കാരമെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഒളിച്ചോടുന്നതിനാലും മറ്റും ഗാര്‍ഹിക തൊഴിലാളി ജോലിക്ക് ഹാജരാകാത്ത പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതാണ് പരിഷ്‌കരണം.

ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മന്ത്രാലയം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹുറൂബാക്കിയാല്‍ 15 ദിവസത്തിനുള്ളില്‍ ഇത് റദ്ദാക്കാന്‍ തൊഴിലുടമക്ക് സാധിക്കും. സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മുസാനിദ് പ്ലാറ്റ്ഫോം വഴി നല്‍കിയ അപേക്ഷയോ ഫൈനല്‍ എക്സിറ്റോ തൊഴിലാളിയുടെ പക്കലില്ലെങ്കില്‍ 15 ദിവസത്തിനു ശേഷം ഹുറൂബ് അന്തിമമായി മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.