1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾക്കുള്ള സെലക്ടീവ് ലെവി നിർത്തലാക്കാനുള്ള സാധ്യതയെക്കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗൺസിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൗൺസിലിന്റെ വെർച്വൽ സെഷൻ വൈസ് പ്രസിഡന്റ് ഡോ. മിഷാൽ അൽ-സുല്ലമിയാണ് മന്ത്രാലയത്തോട് ഈ അവശ്യമുന്നയിച്ചത്.

നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികൾ ആളൊന്നിന് 9,600 റിയാൽ വാർഷിക ഫീസ് (ലെവി) നൽകണമെന്ന നിയമം ഈ വർഷം മെയ് 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടെ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തുടങ്ങിയ തസ്തികകളിൽ നാലിൽ കൂടുതൽ വിദേശ ജോലിക്കാരെ നിയോഗിക്കേണ്ടിവരുന്ന സ്വദേശികൾ തൊഴിൽ മേഖലയിൽ സാധാരണ ജീവനക്കാരുടെ താമസരേഖ (ഇഖാമ) പുതുക്കുന്ന വേളയിൽ അടക്കേണ്ട അതേ തുക ലെവി നൽകാൻ നിർബന്ധിതരായി.

സ്വദേശികളുടെ സ്ഥാനത്ത് പ്രവാസി തൊഴിലുടമകളാണെങ്കിൽ രണ്ടിൽ കൂടുതൽ ഗാർഹിക ജോലിക്കാരുണ്ടെങ്കിൽ മൂന്നാമത്തെയാൾക്ക് ലെവി നൽകണം. സ്വദേശികൾക്ക് നാല്, പ്രവാസികൾക്ക് രണ്ട് എന്ന തോതിന് മുകളിലാണ് ഗാർഹിക ജോലിക്കാരുടെ എണ്ണമെങ്കിൽ ഈ വർഷം അധികമുള്ള ജോലിക്കാർക്ക് മാത്രം ലെവി നൽകിയാൽ മതി. എന്നാൽ 2023 മെയ് 11 മുതൽ പരിധിയിൽ കൂടുതൽ ജോലിക്കാർ തുടർന്നാൽ മൊത്തം പേർക്കും ലെവി അടക്കേണ്ടിവരും. ഇത്തരത്തിലുള്ള ലെവി ഒഴിവാക്കുന്നത് സംബന്ധിച്ച് പഠനം നടത്താനാണ് മന്ത്രാലയത്തോട് ശൂറ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒപ്പം തന്നെ സൗദി തൊഴിൽ രംഗത്ത് പുരുഷന്മാർക്കും വനിതകൾക്കും തുല്യ അവസരം നൽകണമെന്നും കൗൺസിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സമൂഹത്തിന് ഗുണകരമാകുന്ന സന്നദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങളെ പ്രേരിപ്പിക്കണമെന്നും ശൂറ കൗൺസിൽ നിർദേശിച്ചു.

മയക്കുമരുന്നിന്റെ അപകടങ്ങളെ നേരിടുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനുമുള്ള സംരംഭങ്ങൾക്കും പരിപാടികൾക്കും സാമൂഹിക വികസന മന്ത്രാലയത്തിന്റെ പിന്തുണയും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.