1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ സ്വന്തം രാജ്യക്കാരായ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തടസമില്ലെന്നും എംഎച്ച്ആര്‍എസ്ഡി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കായുള്ള മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു.

വീട്ടുവേലക്കാരികള്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടിലെ സുരക്ഷാ ജീവനക്കാരന്‍, ഗാര്‍ഹിക പൂന്തോട്ട പരിപാലന ജോലിക്കാര്‍ തുടങ്ങിയ ഗാര്‍ഹിക വീസകളില്‍ പുതുതായി വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിബന്ധനകള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മുസാനിദ് വിശദീകരിച്ചത്. സ്വന്തം നാട്ടുകാരനായ ആളെ വീട്ടുജോലിക്കാരനായി നിയമിക്കാനാകുമോ എന്ന അന്വേഷണത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിദേശികള്‍ക്ക് ജോലിക്കാരെ കൊണ്ടുവരാനുള്ള വീസ ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകളും നിയമങ്ങളും മുസാനിദിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസിക്ക് സാമ്പത്തിക ഭദ്രതയുതയുണ്ടായിരിക്കണം. ഏറ്റവും ചുരുങ്ങിയത് 10,000 റിയാല്‍ ശമ്പളം ലഭിക്കുന്നയാള്‍ക്ക് മാത്രമേ വീസ ലഭിക്കൂ. ഇതോടൊപ്പം ജോലിക്കാരെ വയ്ക്കാനുള്ള സാമ്പത്തിക ഭദ്രതയുടെ തെളിവായി കുറഞ്ഞത് ഒരു ലക്ഷം റിയാല്‍ മൂല്യമുള്ള ബാങ്ക് ബാലന്‍സ് പ്രമാണം നല്‍കുകയും വേണം.

രണ്ടാമത്തെ വീസ ലഭിക്കാന്‍ പ്രവാസി ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 റിയാലാണ്. സാമ്പത്തിക ശേഷിയുടെ തെളിവിനൊപ്പം രണ്ട് ലക്ഷം റിയാല്‍ ബാങ്ക് ബാലന്‍സ് രേഖയും ഹാജരാക്കണം. പ്രതിമാസ വേതനം തെളിയിക്കുന്നതിന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) ല്‍ നിന്നുള്ള സ്റ്റേറ്റ്‌മെന്റ് നല്‍കുകയും വേണം. വീസയ്ക്ക് അപേക്ഷിച്ച് 60 ദിവസത്തിനകമാണ് ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുകള്‍, സേവനങ്ങള്‍ ഉള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്നതിനാണ് മന്ത്രാലയം ഔദ്യോഗിക പോര്‍ട്ടലായ മുസാനിദ് ആരംഭിച്ചത്. ഈ സേവനം ആരംഭിച്ചതോടെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്രക്രിയ സുഗമവും കാര്യക്ഷമവുമായി. മുസാനിദിന് കീഴില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയെ നിരീക്ഷിക്കുകയും അവരുടെ ക്ഷേമത്തിനായി നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യുന്നുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.