1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഞായറാഴ്ച മുതലാണ് റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സിനിമാ ശാലകളും വിനോദ കേന്ദ്രങ്ങളും തുറക്കുന്നതിനും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങുന്നത്.

എന്നാൽ സൽക്കാരങ്ങളും ആഘോഷ പരിപാടികളും ജനങ്ങൾ ഒത്തു കൂടുന്നതും പാടേ ഒഴിവാക്കിക്കൊണ്ടുള്ള നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പ്രകാരം ഓഡിറ്റോറിയങ്ങളും വിവാഹ ഹാളുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല. റസ്റ്ററന്റുകളും കഫേകളും തുറക്കുന്നതോടെ പാലിക്കേണ്ട പ്രോട്ടോകോളുകളുടെയും മുൻകരുതൽ നടപടികളുടെയും വിശദാംശങ്ങളും നഗര ഗ്രാമ ഭാവന മന്ത്രാലയം പുറത്തിറക്കി.

സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചും രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് സംബന്ധിച്ചും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയെ കുറിച്ചുമുള്ള നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ളത്. റസ്റ്ററന്റുകളിൽ ഒരേ കുടുംബത്തിലെ ആളുകളെ ഒന്നായി പരിഗണിക്കും. ഇവർക്കിടയിൽ സാമൂഹിക അകലം ആവശ്യമില്ല.

അതേസമയം, ഒരു തീൻ മേശക്ക് ചുറ്റും അഞ്ചു പേരിൽ കൂടുതൽ പേർ ഇരിക്കരുത്. കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആണെങ്കിൽ പോലും ഒരു മേശക്ക് ചുറ്റുമുള്ള ആളുകൾ അഞ്ചിൽ കൂടരുത്. ഓരോ മേശയും മൂന്ന് മീറ്റർ വീതം അകലത്തിലായിരിക്കണം. ഒരു മേശക്ക് ചുറ്റും ഒന്നിൽ കൂടുതൽ പാർട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പാടില്ല.

സ്ഥാപനത്തിന് പുറത്തോ കവാടത്തിലോ ഉപഭോക്താക്കൾ കാത്ത് നിൽക്കുന്നതും കൂട്ടം കൂടുന്നതും തടയാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്തണം. പാർസൽ സ്വീകരിക്കുന്നതിനോ തീന്മേശകൾ ഒഴിയുന്നത് പ്രതീക്ഷിച്ചോ കാത്തു നിൽപ്പ് അനുവദിക്കില്ല. സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതും പുറത്ത് കടക്കുന്നതും തിരക്ക് ഒഴിവാക്കിയായിരിക്കണം. റസ്റ്ററന്റുകളിലും കഫേകളിലും പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് തവക്കൽന ആപ്ലിക്കേഷൻ നിർബന്ധമാണ്.

സ്ഥാപനത്തിലെ ജീവനക്കാരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആരോഗ്യ മന്ത്രാലയം നിർദേശിച്ച പ്രോട്ടോക്കോളുകൾ പാലിച്ചിരിക്കണം. സിസിടിവി ക്യാമറകൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. റസ്റ്ററന്റുകളിൽ വെയ്റ്റിംഗ് ലിസ്റ്റ് കൃത്യമായി നിയന്ത്രിക്കാൻ സ്മാർട്ട് ആപ്പുകൾ കൊണ്ടുവരുന്ന കാര്യം ആലോചനയിലാണെന്നും ഗ്രാമ നഗര ഭാവന കാര്യ വികസന മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി മൂന്നിനാണ് രാജ്യത്ത് വിനോദ പരിപാടികളും സിനിമാ ശാലകളും ഇൻഡോർ ഗെയിം സെന്ററുകളും റസ്റ്ററന്റുകളും തുടങ്ങി ജനസമ്പർക്ക ഇടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ അടക്കുകയോ ചെയ്തത്. ഈ നിയന്ത്രണങ്ങളിലാണ് ഇന്ന് മുതൽ കടുത്ത നിർദേശങ്ങളോടെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ വ്യക്തികളും സ്ഥാപനങ്ങളും മുൻകരുതൽ നടപടികൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി പരിശോധന യജ്ഞം വ്യാപിപ്പിക്കുമെന്നും നിയമ ലംഘകർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.