1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: യാത്രാവിലക്ക് നീങ്ങിയതോടെ എമിറേറ്റ്സും ഇത്തിഹാദും ഇന്നുമുതൽ സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. ദുബായിൽ നിന്ന് 24 പ്രതിവാര സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കു ദിവസവും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകൾ ഉണ്ടാകും.

ഘട്ടംഘട്ടമായി സർവീസുകളുടെ എണ്ണം കൂട്ടുമെന്നും വ്യക്തമാക്കി. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുകയെന്ന് ഇത്തിഹാദ് അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.

യാത്രക്കാർക്ക് വെബ്സൈറ്റ് വഴി ടിക്കറ്റുകൾ നേടാമെന്ന് സൗദി എയർലൈൻസ് അറിയിച്ചിരുന്നു. ഇതോടെ യുഎഇ വഴിയെത്തുന്ന ഇന്ത്യക്കാർക്കും സൗദിയിലേക്ക് പ്രവേശിക്കാനാകും. നേരിട്ട് ബുക്ക് ചെയ്താൽ യാത്രക്കാർക്ക് യാത്രാ ചിലവ് കുത്തനെ കുറക്കാനാകും. ജൂലൈയില്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇതാദ്യമായാണ് ദുബായിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ സർവീസ്.

യുഎഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനവിലക്ക് കഴിഞ്ഞ ദിവസമാണ് നീക്കിയത്. സൗദി പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചിരുന്നു. ഇതോടെ ഈ രാജ്യങ്ങളിൽ നിന്നും അനായാസം സൗദിയിലേക്ക് കടക്കാം.

ഇതിനായി സൗദി അംഗീകരിച്ച വാക്സിനും, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും, മുഖീം രജിസ്ട്രേഷനും പൂർത്തിയാക്കിയാൽ മതി. ഇതുള്ളവർക്ക് സൗദിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഇന്ത്യയടക്കം ഇപ്പോഴും പ്രവേശനവിലക്കുള്ള രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ യാത്ര ചെയ്തവര്‍ക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ഇന്ത്യൻ പ്രവാസികൾക്ക് യുഎഇയിൽ എത്തി പതിനാലു ദിവസം പൂർത്തിയാക്കി സൗദിയിലേക്ക് കടക്കാം. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്താൽ സൗദി പ്രവാസികൾക്ക് യാത്രാ ചിലവും കുറയും. ഹോട്ടൽ ക്വാറന്റൈൻ യുഎഇയിൽ നിർബന്ധമല്ലാത്തതിനാൽ താൽക്കാലിക താമസം ലഭിച്ചാൽ കുറഞ്ഞ നിരക്കിൽ സൗദിയിലെത്താം. നിലവിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിൽ പോയ പ്രവാസികൾക്ക് മാത്രമാണ് സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ അനുമതിയുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.