
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസർക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവർക്കെതിരെ പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം വരെ തടവും നേരിടേണ്ടി വരും. സ്വന്തമായി ജോലി ചെയ്യുന്ന വിദേശികൾക്കും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
സ്പോൺസർക്ക് കീഴിലല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയോ സ്വന്തം നിലക്കോ വേണ്ടി ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി. പരമാവധി അഞ്ച് വർഷം വരെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തും. തൊഴിലുടമ വിദേശിയാണെങ്കിൽ നാട് കടത്തുമെന്നും ജവാസാത്ത് അറിയിച്ചു.
നിയമവിരുദ്ധമായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പിഴയും ഉയരും. സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന വിദേശികൾക്ക് നേരത്തെ തന്നെ ജവാസാത്ത് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് ആറ് മാസം വരെ തടവും, 50,000 റിയാൽ വരെ പിഴയും ചുമത്തും. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം വിദേശികളായ തൊഴിലാളികളെ നാട് കടത്തുകയും ചെയ്യുമെന്ന് പാസ്പോർട്ട് വിഭാഗം ഓർമ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല