1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികളുടെ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണം ബാധകമാണെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്). പ്രവാസികളുടെ ആശ്രിതവീസയില്‍ കഴിയുന്ന 21 വയസ്സ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.

കൂടാതെ, 21 വയസ്സ് പൂര്‍ത്തിയായ ആണ്‍കുട്ടിയുടെ ഇഖാമ പുതുക്കണമെങ്കില്‍ മകന്‍ വിദ്യാര്‍ഥിയാണെന്ന് തെളിയിക്കാനുള്ള രേഖകളും സമര്‍പ്പിക്കണം. പ്രവാസികളായ മാതാപിതാക്കളുടെ ആശ്രിത വീസകളില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആണ്‍മക്കള്‍ക്ക് 25 വയസ് തികയുമ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റിയിരിക്കണം.

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം. പ്രവാസികളുടെ ആശ്രിത വീസയില്‍ താമസിക്കുന്ന പെണ്‍മക്കളുടെ ഇഖാമ പുതുക്കാന്‍ അവര്‍ വിവാഹിതരല്ലെന്ന് തെളിയിക്കുന്ന രേഖകളാണ് നല്‍കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സൗദിയില്‍ പുതിയ തൊഴില്‍ വീസയില്‍ എത്തുന്നവര്‍ക്കുള്ള ഇഖാമ കാലാവധി കുറച്ചു. നേരത്തേ സൗജന്യമായി അനുവദിച്ചിരുന്ന മൂന്നു മാസത്തെ അധിക ഇഖാമ കാലാവധി നിര്‍ത്തലാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുവരെ 15 മാസം കാലാവധിയുള്ള ഇഖാമയായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 12 മാസം കാലാവധിയുള്ള ഇഖമ മാത്രമേ പ്രവാസികള്‍ക്ക് അനുവദിക്കുകയുള്ളൂ.

രാജ്യത്തെ താമസ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ‘ഖിവ’ പോര്‍ട്ടലിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സൗദിയില്‍ പുതിയതായി തൊഴില്‍ വീസയിലെത്തുന്ന എല്ലാ വിദേശികള്‍ക്കും 15 മാസം കാലാവധിയുളള ഇഖാമയായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. 12 മാസത്തെ ഇഖാമയോടൊപ്പം മൂന്നു മാസം സൗജന്യമായി ലഭിക്കുന്ന അധിക കാലാവധിയും ചേര്‍ത്തായിരുന്നു ഇത്.

എന്നാല്‍, അധികമായി മൂന്ന് മാസത്തെ ഇഖാമ അനുവദിക്കുന്ന രീതി ഒഴിവാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വര്‍ഷങ്ങളായി സൗദിയില്‍ തുടര്‍ന്നു വരുന്ന രീതിക്കാണ് ഇതോടെ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ ലേബര്‍ കാര്‍ഡ് പുതുക്കലടക്കം തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഇതിനകം മന്ത്രാലയത്തിന്റെ ‘ഖിവ’ പോര്‍ട്ടലിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.