1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികള്‍ക്കുള്ള ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടി. സ്ഥാപനത്തിന്റെ ഉടമയടക്കം പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവാണ് വീണ്ടും മൂന്നു വര്‍ഷത്തേക്ക് നീട്ടിയത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന സുപ്രധാനമായ തീരുമാനമാണിത്.

കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒരു വര്‍ഷത്തെ ലെവി ഇളവ് കാലാവധി ശഅബാന്‍ പകുതിയോടെ (ഫെബ്രുവരി 25) അവസാനിക്കാനിരിക്കെ മൂന്ന് വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു.

ചെറുകിട സ്ഥാപനങ്ങളെ വിപണിയില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് ലെവി ഇളവ്. പത്തോ അതിലധികമോ ജീവനക്കാരുള്ള ഇടത്തരം-വന്‍കിട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരത്തേ തന്നെ ലെവി ബാധകമാക്കിയിരുന്നു. വര്‍ഷത്തില്‍ താമസരേഖ അഥവാ ഇഖാമ പുതുക്കുന്നതിന് മുമ്പായി ഈ തുക അടയ്ക്കുകയാണ് ചെയ്തുവരുന്നത്.

കഴിഞ്ഞ വര്‍ഷം ലെവി ഇളവ് കാലാവധി അവസാനിക്കാനിരിക്കേ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതിരുന്നതിനാല്‍ ഈ വര്‍ഷവും പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു. ലെവി ഇളവ് ലഭിക്കാന്‍ ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലുടമയായ സൗദി പൗരനും ജോലിക്കാരനായി വേണമെന്ന നിബന്ധനയുണ്ട്. ബിനാമി സ്ഥാപനമല്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. ജീവനക്കാര്‍ക്കുള്ള സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) തൊഴിലുടമയും രജിസ്റ്റര്‍ ചെയ്തിരിക്കണം.

പരമാവധി നാല് വിദേശികള്‍ക്കാണ് ഒരു സ്ഥാപനത്തില്‍ ലെവി ഇളവുള്ളത്. ഉടമയായ സൗദി പൗരന്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സ്ഥാപനത്തിലെ രണ്ട് വിദേശ ജീവനക്കാരെയാണ് ലെവിയില്‍ നിന്ന് ഒഴിവാക്കുക. രണ്ടാമതൊരു സൗദി പൗരന്‍ സ്ഥാപനത്തിന്റെ ജോലിക്കാരനായി ഉണ്ടെങ്കില്‍ നാല് വിദേശികളുടെ ലെവി ഒഴിവാക്കും. രണ്ട് സൗദി ജോലിക്കാരനും ഗോസിയില്‍ അംഗമായിരിക്കണമെന്നും നിബന്ധനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.