
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സൗദിയിലെ പ്രവാസികളുടെ യാത്രാ നടപടികളിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് അറുതിയായില്ല. ഏറ്റവും അവസാനമായി വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികളിൽ ചിലരുടെ യാത്ര മുടങ്ങുന്നത്.
കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അത്തരക്കാരുടെ യാത്ര വിമാനകമ്പനികൾ തടയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങിനെയുള്ള നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.
സൗദിയിൽ വാക്സിൻ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽന ആപ്പിൽ അവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് ഫെബ്രുവരി ഒന്ന് മുതൽ നഷ്ടപ്പെടുമെന്നും അവർക്ക് സൗദിക്കകത്ത് വിമാനയാത്ര നടത്താനോ മാളുകളിലും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പ്രവേശിക്കാനോ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സൗദിയിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നതിന് സ്വദേശികൾക്ക് ബൂസ്റ്റർ ഡോസ് നിബന്ധമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുകളിലൊന്നും തന്നെ വിദേശികൾ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായി പ്രഖ്യാപനം ഉണ്ടായിരുന്നില്ല. എന്നാൽ ഫെബ്രുവരി ഏഴിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) വിമാനകമ്പനികൾക്കയച്ച സർക്കുലറിലാണ് രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട 18 വയസിന് മുകളിലുള്ളവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടതായി പരിഗണിക്കണമെന്നും യാത്രക്കുള്ള ബോർഡിങ് പാസ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ഇത് പരിശോധിക്കണമെന്നും നിർദേശമുള്ളത്.
അങ്ങനെയുള്ളവരുടെ യാത്ര തടയണമെന്ന് സർക്കുലറിൽ ഒരിടത്തും നിർദേശമില്ല. ഈ സർക്കുലർ പ്രകാരമാണ് വിമാനകമ്പനികൾ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര തടയുന്നത്. എന്നാൽ ഇങ്ങിനെയൊരു നിബന്ധന സൗദിയിലെ ഒരു മന്ത്രാലയവും ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെന്നിരിക്കെ വിമാനകമ്പനികൾ ഈ കാരണം കാണിച്ച് സൗദി യാത്രക്കാരെ തടയുന്നത് അവ്യക്തമാണ്.
വിമാനകമ്പനികൾ ഈ തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്ത് നാട്ടിൽ എട്ട് മാസം ചിലവഴിച്ചു തിരിച്ചുവരുന്ന നിരവധി പേർക്കാണ് യാത്ര മുടങ്ങുക. സൗദിയിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് ലഭിക്കുന്നുണ്ടെങ്കിലും നാട്ടിൽ രണ്ടാം ഡോസിന് ശേഷം ഒമ്പത് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നുള്ളൂ. അതിൽ തന്നെ ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, 60 വയസ് പിന്നിട്ടവർ തുടങ്ങി അത്യാവശ്യക്കാർക്ക് മാത്രമാണ് നാട്ടിൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നുള്ളൂ.
രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ട് സൗദിയിലേക്ക് മടങ്ങാൻ തയ്യാറാവുന്ന പ്രവാസികൾക്ക് കൂടി നാട്ടിൽ നിന്നും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാനുള്ള സൗകര്യം അധികൃതർ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ നിരവധി പ്രവാസികൾക്കാണ് വരും ദിവസങ്ങളിൽ യാത്ര മുടങ്ങുകയും അത് മുഖേന തങ്ങളുടെ വിസ കാലാവധി നഷ്ടപ്പെടുകയും ചെയ്യുക. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് സൗദി പ്രവാസികളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല