
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ജോലി മാറ്റത്തിനുള്ള ഫീസ് തൊഴിലുടമകളാണ് വഹിക്കേണ്ടതെന്ന് മാനവേശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളുടെ താമസാനുമതി രേഖ (ഇഖാമ), വർക്ക് പെർമിറ്റ് എന്നിവ എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ റിക്രൂട്ടിങുമായി ബന്ധപ്പെട്ട മുഴുവൻ ഫീസും കമ്പനി ഉടമയാണ് വഹിക്കേണ്ടത്.
ജീവനക്കാർക്ക് നാട്ടിൽ പോയി തിരിച്ചുവരാനുള്ള വിമാനടിക്കറ്റ്, റീ എൻട്രി വീസ ഫീസ് എന്നിവയും തൊഴിലുടമ നൽകണം. തൊഴിൽ അവസാനിപ്പിച്ച് മടങ്ങുന്നവർക്ക് തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകണം. ഏറ്റവും ഒടുവിൽ നൽകിയ ശമ്പളം, ജോലിയിൽ പ്രവേശിച്ച തീയതി മുതൽ അവസാനിപ്പിച്ച തീയതി എന്നിവയും രേഖപ്പെടുത്തണം.
ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ചെയ്യുന്നതാണെങ്കിലും നിലവിൽ മറ്റൊരു സ്‌പോൺസറിൽ നിന്ന് പുതിയ സ്‌പോൺസറിലേക്കു തൊഴിൽ മാറുകയാണെങ്കിൽ പോലും, തൊഴിൽ മാറ്റമുൾപ്പെടെയുള്ള ചെലവ് പുതിയ തൊഴിലുടമ വഹിക്കേണ്ടിവരും.
തൊഴിലുടമ-തൊഴിലാളി ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്കുള്ള റിട്ടേൺ ടിക്കറ്റിന് പുറമേ, തൊഴിൽ മാറ്റം, പുറപ്പെടൽ, മടങ്ങൽ എന്നിവയുടെ ചെലവും തൊഴിലുടമ വഹിക്കു എന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, തൊഴിൽ നിയമം അനുസരിച്ച് സേവനാനന്തര ആനുകൂല്യങ്ങൾക്ക് ജീവനക്കാരന് അർഹതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല