
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകള്‍ കാരണം സൗദിയിലേക്ക് നാടുകളില്‍ നിന്ന് തിരികെയെത്താന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സെടുക്കാന്‍ അവസരം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്ററിലാണ് ഇതിന് അവസരം നല്‍കിരിക്കുന്നതെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ അനുമതി നല്‍കായതായും അധികൃതര്‍ അറിയിച്ചു. അത്യാധുനിക രീതിയിലുള്ള മന്ത്രാലയത്തിന്റെ സംവിധാനം ഉപയോഗിച്ച് നാട്ടില്‍ നിന്ന് തന്നെ ക്ലാസ്സുകളെടുക്കാന്‍ അധ്യാപകപകര്‍ക്ക് സാധിക്കും.
ഈ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെടുക്കുന്ന അധ്യാപകരുടെ പ്രകടനം ശരിയായ രീതിയില്‍ അവലോകനത്തിന് വിധേയമാക്കണമെന്നും അക്കാര്യം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും സ്‌കൂളുകള്‍ക്കും ഡയരക്ടറേറ്റ് ഓഫ് പ്രൈവറ്റ് ആന്റ് ഫോറിന്‍ എഡ്യുക്കേഷനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്‍പ്പെടെ അധ്യാപകര്‍ക്ക് സമയത്ത് സ്‌കൂളില്‍ തിരിച്ചെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ സ്വകാര്യ വിദ്യാലയങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്ന സൗദിയിലെ വിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 29ന് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതു മുതല്‍ നേരിട്ടുള്ള ക്ലാസ്സുകളാണ് നല്‍കുന്നത്.
ഏറെ പരിഷ്‌ക്കാരങ്ങളോടെയാണ് സൗദിയില്‍ പുതിയ അക്കാദമിക വര്‍ഷം ആരംഭിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ പഠനം തുല്യമായ മൂന്ന് സെമസ്റ്ററുകളായി വിഭജിച്ചുവെന്നതാണ് പരിഷ്‌ക്കാരങ്ങളിലൊന്ന്. 13 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഓരോ സെമസ്റ്ററും. സെമസ്റ്ററുകള്‍ക്കിടയില്‍ ഒരാഴ്ച നീളുന്ന അവധിയും നല്‍കും. അതേസമയം, പ്രൈമറി ക്ലാസ്സുകളിലെ പഠനം തല്‍ക്കാലം സര്‍ക്കാരിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി തന്നെ തുടരും.
ഒക്ടോബറിനു ശേഷം നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാമെന്ന നിലപാടിലാണ് അധികൃതര്‍. പൂര്‍ണമായും വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നുള്ളൂ എന്ന സവിശേഷതയുമുണ്ട്. അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും എന്നതു പോലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. 12 വയസ്സിന് മുകളിലുള്ള അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ.
അല്ലാത്തവരെ ക്ലാസ്സില്‍ പ്രവേശിപ്പിക്കില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ പഠന രീതി തുടരാമെങ്കിലും രണ്ടാഴ്ചയ്ക്കകം വാക്‌സിന്‍ എടുത്ത് ക്ലാസ്സില്‍ എത്തണം. അല്ലാത്ത പക്ഷം ഹാജര്‍ ലഭിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഉടന്‍ തന്നെ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല