1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരും കൂടി ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

വാക്സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും മൂക്കും വായും കൈകള്‍ കൊണ്ട് നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക, താമസിക്കുന്ന സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗബാധിതരുടെയും പകര്‍ച്ചപ്പനി കാരണം ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെയും എണ്ണം കുറക്കാനുമാണ് ക്യാംപയിനിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.

പകര്‍ച്ചപ്പനി വ്യത്യസ്ത രീതിയിലാണ് ആളുകളെ ബാധിക്കുന്നത്. അണുബാധയുണ്ടാവുന്ന മിക്ക കേസുകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കണം.

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതിനാല്‍ പകര്‍ച്ചപ്പനി വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. സൗദിയിലെ കാലാവസ്ഥ മാറ്റവും പകര്‍ച്ചപനി വര്‍ധിക്കാന്‍ കാരണമായേക്കും. ഡിസംബര്‍ മുതല്‍ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. അതിനാല്‍ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും ഇന്‍ഫ്‌ളുവെന്‍സ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാക്‌സിന്‍ തികച്ചും സുരക്ഷിതമാണ്. ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ച് സൗജന്യമായി കുത്തിവെപ്പെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.