1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ചെങ്കടല്‍ തീരത്തെ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ട് സാക്ഷിയാവാന്‍ ഇനി രണ്ടു ദിവസം കൂടി. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ഫോര്‍മുല വണ്‍ സൗദി അറേബ്യ ഗ്രാന്റ് പ്രീ മത്സരത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്ത് നടക്കുന്ന സുപ്രധാന അന്താരാഷ്ട്ര മത്സരത്തെ വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

ലോകത്തിലെ ഏറ്റവും വേഗതയേറിയതും നീളമേറിയതുമായ ജിദ്ദ കോര്‍ണിഷിലൊരുക്കിയ ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മല്‍സരം വന്‍ പ്രതീക്ഷയോടെയാണ് ആഗോള തലത്തിലെ ഫോര്‍മുല വണ്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകപ്രശസ്ത ഡിസൈനര്‍ ഹെര്‍മന്‍ ടില്‍ക്കെയുടെ നേതൃത്വത്തില്‍ നവീന മാതൃകയില്‍ നിര്‍മിച്ച ജിദ്ദ കോര്‍ണിഷ് ട്രാക്ക് ഫോര്‍മുല വണ്‍ മത്സരങ്ങളെ തന്നെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാധ്യമായ ഏറ്റവും ഉയര്‍ന്ന വേഗതയില്‍ കാറോടിക്കാനും ഓട്ടത്തിനിടയില്‍ ആവേശം വര്‍ധിപ്പിക്കാനും ഡ്രൈവര്‍മാരെ പ്രചോദിപ്പിക്കുന്ന രീതിയിലുള്ളതാാണ് ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ മുന്‍നിര ടീമുകളും ഡ്രൈവര്‍മാരും സൗദി അറേബ്യ ഗ്രാന്റ് പ്രീയില്‍ പങ്കെടുക്കുന്നുണ്ട്. പല ടീമുകളും ഇതിനകം സൗദിയില്‍ എത്തിക്കഴിഞ്ഞു.

രാജ്യത്തെത്തുന്ന ടീമുകളെയും മത്സരം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ഫോര്‍മുല വണ്‍ ആരാധകരെയും സ്വീകരിക്കാന്‍ വന്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്. ഇതിനായി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ചുകള്‍ സജ്ജീകരിച്ചിരിക്കുകയാണ് അധികൃതര്‍. 3500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോഞ്ചിന് ഒരു ദിവസം 10,000ത്തോളം അതിഥികളെ സ്വീകരിക്കാന്‍ ശേഷിയുണ്ട്.

ലോഞ്ചിലെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ ഫോര്‍മുല വണ്‍ ലോഗോയും കാറുകളുടെയും ടീമുകളുടെയും ഫോട്ടോകളും സൗദി പതാകളും കൊണ്ട് ലോഞ്ച് അലങ്കരിച്ചിട്ടുമുണ്ട്. ഫോര്‍മുല വണ്‍ കാറോട്ട മത്സരം സൗദിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ഫോര്‍മുല വണ്‍ ആരാധകരും വിനോദസഞ്ചാരികളും രാജ്യത്തെത്തും. ഇത് ടൂറിസം മേഖലയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവും.

റിയാദ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെ രാജ്യത്ത് നടന്നുവരുന്ന പരിപാടികളിലും അല്‍ ഉലാ, റെഡ് സീ ടൂറിസം മേഖലകളിലേക്കും കൂടുതല്‍ ആളുകളെത്താന്‍ ഇത് സഹായകമാവും. രാജ്യത്തെ എണ്ണയിതര സമ്പദ് മേഖലകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഫോര്‍മുല വണ്‍ അടക്കമുള്ള അന്താരാഷ്ട്ര മല്‍സരങ്ങള്‍ രാജ്യത്ത് സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.