1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2022

സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്നതിന്റെ ആവേശത്തിലാണ് സൗദി ഭരണകൂടവും രാജ്യത്തെ ജനങ്ങളും. മൂന്ന് ശതാബ്ദങ്ങള്‍ക്ക് മുമ്പ്, 1727 ല്‍ (ഹിജ്റ വര്‍ഷം 1139ല്‍) ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കുകയാണ് രാജ്യം. സ്ഥാപക ദിനായി ആചരിക്കുന്ന ഫെബ്രുവരി 22 മുതല്‍ 24 വരെയുള്ള മൂന്നു ദിവസങ്ങള്‍ സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍സവ വേളയാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇതിനായി സൗദിയിലെ പ്രധാന നഗരങ്ങളും കേന്ദ്രങ്ങളുമെല്ലാം മണവാട്ടിയെ പോലെ ഉടുത്തൊരുങ്ങിക്കഴിഞ്ഞു. തലസ്ഥാന നഗരിയായ റിയാദിലെ പ്രധാന വിനോദ കേന്ദ്രമായ വാദി നിമാറില്‍ ഉള്‍പ്പടെ 3500ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാ സംഗീത പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ബോളീവാര്‍ഡ് സ്ഥാപക ദിനാഘോഷത്തിന്റെ കേന്ദ്ര വേദിയാകും. ‘ദ ഫൗണ്ടിംഗ് ഒപ്പരേറ്റ’ എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടിക്ക് വിഖ്യാത സൗദി ഗായകരായ മുഹമ്മദ് അബ്ദു, അബ്ദുല്‍ മജീദ് അബ്ദുല്ല, റാശിദ് അല്‍ ഫാരിസ്, മാജിദ് അല്‍ മുഹന്തിസ്, ദലിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാജ്യത്തിന്റെ ചരിത്രം പറയുന്ന സംഗീത നൃത്ത പരിപാടികള്‍ ഇതിന്റെ ഭാഗമായി അരങ്ങേറും.

ഫെബ്രുവരി 24 ന് വ്യാഴാഴ്ച കരിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വിസ്മയ പ്രകടനങ്ങളും നടക്കും. സൗദിയുടെ ചരിത്രം പറയാനും അറിയാനും പ്രത്യേക സംവാദ വേദികളും ഒരുക്കിയി്ടടുണ്ട്. സ്ഥാപക ദിനത്തിന്റെ ഭാഗമായി സൗദിയിലെ പുരാതന സൂഖുകള്‍ പ്രതേകം അലങ്കരിക്കും. സൗദി ഖഹ്വ ഉള്‍പ്പെടെ സൗദിയുടെ ആതിഥേയത്വത്തിന്റെ അടയാളങ്ങളുമായി മജ്‌ലിസുകളും സംഘടിപ്പിക്കും.

സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങള്‍, പഴയകാല ചിത്രങ്ങള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, അക്കാലത്തെ തെരുവ് ചന്തകള്‍ തുടങ്ങി പഴയകാല ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളില്‍ പങ്കാളികളാകന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറുകിട വന്‍കിട സ്ഥാപനങ്ങള്‍ പ്രതേക ഓഫാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാപക ദിനമായ ഫെബ്രുവരി 22 ഇനി എല്ലാ വര്‍ഷവും സൗദിയില്‍ പൊതു അവധിയായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 23ന് സൗദി ദേശീയ ദിനമായി ആചരിക്കുന്നതിന് പുറമെയാണ് ഫെബ്രുവരി 22 സ്ഥാപക ദിനായി ആചരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.