
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ആപ്പുകളും വെബ്‌സൈറ്റുകളും അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി സൗദി സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ താത്കാലികമായി മുടങ്ങും. ചില സേവനങ്ങള്‍ നിലവില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അവയെ മികച്ചതാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
സൗദി വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായിരുന്ന കമ്പനികളുടെ വിവിധ സേവനങ്ങള്‍ സൗദി ബിസിനസ് എന്ന പോര്‍ട്ടലിലേക്ക് മാറുകയാണെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. അതിനാല്‍ പണമടക്കല്‍ ഉള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കമ്പനികളുടെ രജിസ്ട്രേഷന്‍, ഷെയര്‍ ഹോള്‍ഡര്‍മാരുമായുള്ള കരാറുകള്‍ രൂപപ്പെടുത്തല്‍, രജിസ്ട്രേഷന്‍ റദ്ദാക്കല്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണമടക്കല്‍ തുടങ്ങി വാണിജ്യ മന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്ന ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം സൗദി ബിസിനസ് എന്ന പേരില്‍ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച വരെ ഈ നവീകരണ പ്രവൃത്തികള്‍ നടക്കുമെന്ന് മന്ത്രാലയം വെബ്സൈറ്റ് വഴി അറിയിച്ചു.
അതേസമയം ഖിവ, സൗദി പോസ്റ്റ്, തൊഴില്‍മന്ത്രാലയം, വിദേശകാര്യമന്ത്രാലയം തുടങ്ങിയ സൈറ്റുകളിലെ വിവിധ സേവനങ്ങള്‍ രണ്ട് ദിവസമായി ലഭിക്കുന്നില്ല. ഈ ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം അപ്ഗ്രേഡ് ചെയ്യുന്നതിനാലാണിത്. ഇഖാമ പുതുക്കുന്നതിനുള്ള ലേബര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, ലേബര്‍ കരാര്‍, വീസ അനുവദിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നടക്കുന്നത് തൊഴില്‍മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടല്‍ വഴിയാണ്.
സൗദി പോസ്റ്റിലെ നാഷണല്‍ അഡ്രസ് രജിസ്റ്റര്‍ ചെയ്യുന്ന സേവനവും വിദേശകാര്യ മന്ത്രാലയത്തിലെ സന്ദര്‍ശക വീസ ലഭിക്കുന്ന സേവനവും രണ്ടുദിവസമായി ലഭിക്കുന്നില്ല. സേവനങ്ങളെല്ലാം വ്യാഴാഴ്ചയോടെ വീണ്ടും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല