1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ നാല് ശനിയാഴ്ച രാത്രി ഒരു മണി മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

കൊവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിലും തീരുമാനം മാറ്റിയതായി സൗദി അറിയിച്ചിട്ടില്ല. സൗദിയില്‍ നിന്ന് അംഗീകാരമുള്ള ഏതെങ്കിലുമൊരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പുതിയ ഇളവ്. ഇതോടെ മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ സൗദിയിലേക്ക് വരാന്‍ പാടുള്ളൂ എന്ന നിബന്ധന ഇതോടെ ഇല്ലാതാവും. ഇവര്‍ക്ക് നേരിട്ട് സ്വന്തം നാടുകളില്‍ നിന്ന് യാത്ര ചെയ്യാം.

അതേസമയം, ഇവര്‍ സൗദിയിലെത്തിയ ശേഷം മൂന്നു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി, ലബനാന്‍, എത്യോപ്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കാണ് പ്രധാനമായും ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുക.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്ത് ക്വാറന്റീന്‍ ആവശ്യമില്ല. നിലവിൽ എല്ലാ ഇന്ത്യക്കാർക്കും ഡിസംബർ ഒന്ന് മുതൽ നേരിട്ട് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിരോധനമുണ്ടായിരുന്ന ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ സ്വന്തം നാടുകളില്‍ നിന്ന് നേരിട്ട് യാത്ര ചെയ്യാമെന്ന് സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, ബ്രസീല്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് കഴിഞ്ഞ ദിവസം നീക്കിയത്. നിലവില്‍ മറ്റൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ എത്തുന്നത്. ഇത് ഭാരിച്ച ചെലവാണ് പ്രവാസികള്‍ക്ക് സൃഷ്ടിക്കുന്നത്. പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടും എന്ന സന്തോഷത്തിലാണ് പ്രവാസികള്‍.

എന്നാല്‍ ഇവര്‍ സൗദിയിലെത്തിയാല്‍ അഞ്ചു ദിവസത്തെ സ്ഥാപന ക്വാറന്റൈനില്‍ കഴിയണമെന്ന് നിബന്ധനയുണ്ട്. പൂര്‍ണമായി വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇത് ബാധകമാണ്. അതേസമയം, പുതിയ കൊവിഡ് വകഭേദങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള കോവിഡ് വ്യാപനത്തെ കുറിച്ച് വിശദമായ അവലോകനം നടത്തി ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 മാര്‍ച്ച് 15 മുതലായിരുന്നു സൗദി അറേബ്യ വിദേശ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതിനു ശേഷം കഴിഞ്ഞ ആഗസ്ത് 24ന് പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്നതിനുള്ള നിരോധനം തുടരുകയായിരുന്നു. ആ വിലക്കാണ് കഴിഞ്ഞ ദിവസം നീക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.