1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2022

സ്വന്തം ലേഖകൻ: 13 വര്‍ഷം മുമ്പത്തെ പ്രളയഭീതി വിതച്ച് സൗദിയിലെ തീരദേശ നഗരമായ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വലിയ നാശനഷ്ടം. വ്യാഴാഴ്ച രാവിലെ തുടങ്ങി ആറു മണിക്കൂറിലേണ്ട നീണ്ടു നിന്ന കനത്ത മഴയില്‍ ജനജീവിതം നിശ്ചലമായി. വെള്ളത്തിനിടയില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. വാഹനങ്ങള്‍ കുടുങ്ങിപ്പോയ നിരവധി പേരെ രക്ഷപ്പെടുത്തി. മരണപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ആറു മണിക്കൂര്‍ നീണ്ട മഴ, 2009ലെ പ്രളയത്തിന് കാരണമായ മഴയെക്കാള്‍ ശക്തമായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 179 മില്ലീമീറ്റര്‍ മഴയാണ് ജിദ്ദയില്‍ ലഭിച്ചത്. ജിദ്ദ ഗവര്‍ണറേറ്റിനെ മുഴുവന്‍ മഴ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പലയിടങ്ങളിലും ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളും വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. ശക്തമായ ഒഴുക്കില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് മക്കയിലേക്കുള്ള റോഡുകള്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജിദ്ദയിലേക്കും ജിദ്ദയില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങളും വൈകി. ഗള്‍ഫ് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികള്‍ വൈകിയതായി ജിദ്ദ എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചു. ചില വിമാനങ്ങള്‍ അഞ്ച് മണിക്കൂറോളമാണ് വൈകിയത്.

ശക്തമായ മഴയിലും കാറ്റിലും കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചില വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകിയതായി അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനം പുറപ്പെടുന്ന സമയം സ്ഥിരീകരിക്കുന്നതിന് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കി.

ശക്തമായ മഴയില്‍ ജിദ്ദയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ റോഡുകളില്‍ കുടുങ്ങി. തെരുവുകളില്‍ വെള്ളം കയറിയത് കാരണം ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഖര്‍നി അറിയിച്ചു.

റോഡുകളില്‍ നിന്ന് വെള്ളം വറ്റിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2500ലേറെ ജീവനക്കാരെയും ആവശ്യത്തിന് മെഷീനുകളും സജ്ജീകരിച്ചതായി ജിദ്ദ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്നും കൂടുതല്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാലും ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ പൊതു, സ്വകാര്യ, അന്തര്‍ദേശീയ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയുണ്ടായി.

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന സൗദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സൗദിയിലെ രണ്ട് സര്‍വ്വകലാശാലകളായ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയും ജിദ്ദ യൂണിവേഴ്സിറ്റിയും ക്ലാസ്സുകള്‍ ഒഴിവാക്കി. ആദ്യ സെമസ്റ്ററിലേക്കുള്ള അവസാന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതരെ ഉന്നയിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വരും നാളുകളില്‍ ശക്തമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി സൗദി സിവില്‍ ഡിഫന്‍സും പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാനും മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും ഒഴുക്കില്‍ നിന്നും മാറി നല്‍ക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വാദികള്‍ക്ക് മുറിച്ചു കടക്കരുതെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്നും അടിയന്തര നിര്‍ദ്ദേശങ്ങള്‍ക്കായി സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ജിദ്ദയില്‍ മിക്കവാറും എല്ലാ വര്‍ഷവും ശീതകാല മഴയും വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. 2009ലെ വെള്ളപ്പൊക്കത്തില്‍ നഗരത്തില്‍ 123 പേര്‍ മരിച്ചിരുന്നു. 27 വര്‍ഷത്തിനിടയില്‍ സൗദിയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു 2099ല്‍ ഉണ്ടായത്. 3000ത്തിലേറെ വാഹനങ്ങളാണ് അന്ന് മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്.

അതേസമയം വ്യാഴാഴ്ച ജിദ്ദയില്‍ ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദുരന്തബാധിതര്‍ക്ക് അപേക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.