
സ്വന്തം ലേഖകൻ: മക്കയില്‍ നിന്ന് മദീനയിലേക്ക് ജിദ്ദ വഴിയുള്ള ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാന്‍ ഇനി സൗദി വനിതകളും. 31 പേരാണ് സൗദിയിലെ അതിവേഗ തീവണ്ടികളിലെ ഡ്രൈവര്‍മാരാകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. സൗദി ചരിത്രത്തില്‍ ഇതാദ്യമായാണ് അതിവേഗ ട്രെയിനില്‍ ഡ്രൈവര്‍മാരായി വനിതകള്‍ രംഗത്തു വരുന്നത്. വനിതാ ശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന സൗദിയില്‍ തൊഴില്‍ മേഖലകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടിയുടെ ഭാഗമായാണിത്.
കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച തിയറി പരിശീലത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ രണ്ടാം ഘട്ടത്തിലേക്ക് എത്തിയിക്കുന്നത്. തിയറിക്കു ശേഷമുള്ള പ്രായോഗിക പരിശീലനമാണ് രണ്ടാം ഘട്ടത്തില്‍ ഇവര്‍ക്ക് ലഭിക്കുക. പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ക്കൊപ്പം ട്രെയിന്‍ കാബിനില്‍ വച്ചാണ് ഇവര്‍ക്ക് ട്രെയിന്‍ ഓടിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നത്. രണ്ടാം ഘട്ടത്തിലെ പ്രാക്ടിക്കല്‍ പരിശീലന കാലയളവ് ഏകദേശം അഞ്ച് മാസം നീണ്ടു നില്‍ക്കും.
അടുത്ത ഡിസംബര്‍ അവസാനം ആകുന്നതോടെ എല്ലാ പരീക്ഷകളും പരിശീലനങ്ങളും പൂര്‍ത്തിയാക്കി 31 സൗദി വനിതകള്‍ സ്വന്തമായി സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങും. ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, ജോലി അപകടങ്ങള്‍, തീപ്പിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പരിശീലനങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ 483 മണിക്കൂര്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് പുതിയ പ്രായോഗിക പരിശീലനത്തിനായി എത്തിയിരിക്കുന്നത്.
ഹൈ സ്പീഡ് റെയില്‍ നടത്തിപ്പ് ചുമതലയുള്ള കണ്‍സോര്‍ഷ്യത്തിലെ പ്രധാന ഓഹരി ഉടമകളായ സ്പാനിഷ് കമ്പനിയായ റെന്‍ഫെയും സൗദി റെയില്‍വേ പോളിടെക്‌നിക്കും ചേര്‍ന്നാണ് ഈ വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക. ഇരു കമ്പനികളും ചേര്‍ന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനം സൗദിയിലെ 130 പൗരന്‍മാര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നേരത്തേ 30 ട്രെയിന്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ടെന്ന് കാണിച്ച് റെന്‍ഫെ നല്‍കിയ പരസ്യത്തിന് വന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.
ട്രെയിന്‍ ഓടിക്കാനുള്ള താല്‍പര്യവുമായി 28000 പേരാണ് അന്ന് അപേക്ഷ നല്‍കിയത്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 145 പേര്‍ നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. ഇവരില്‍ 34 പേര്‍ മാത്രമാണ് ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 34ല്‍ 31 പേരാണ് തിയറി പരീക്ഷയില്‍ വിജയം വരിച്ചത്. ഇവരില്‍ 75 ശതമാനം പേരും ബിരുദധാരികളാണ്.
ഇവര്‍ കൂടി ജോലിയില്‍ പ്രവേശിക്കുന്നതോടെ രാജ്യത്തെ ആകെ ട്രെയിന്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ 30 ശതമാനം വനിതകളായി മാറും. ഇവര്‍ പ്രായോഗിക പരീക്ഷ വിജയകരമായി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അടുത്ത ഡിസംബര്‍ അവസാനത്തോടെ സ്വന്തമായി ട്രെയിന്‍ ഓടിക്കാനുള്ള അവസരം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല