1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ റോഡുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗതാഗത മന്ത്രാലയം. അത്തരമൊരു നീക്കം മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് റോഡുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

സൗദിയിലെ ഒരു സ്വകാര്യ ചാനലാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭാ യോഗം റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു പ്രത്യേക അതോറിറ്റിക്ക് രൂപം നല്‍കിയിരുന്നു. റോഡ് നിര്‍മാണ പദ്ധതികളുടെ നടത്തിപ്പ്, അവയുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കലാണ് അതോറിറ്റിയുടെ ചുമതല.

എന്നാല്‍, റോഡുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്ന കാര്യവും അതോറിറ്റിയുടെ പരിഗണനയിലുണ്ടെന്ന രീതിയിലായിരുന്നു സ്വകാര്യ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഹൈവേകളിലാണ് ഇത് നടപ്പാക്കുകയെന്നും ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരിശോധിക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്തയാവട്ടെ വൈകാതെ സാമൂഹ്യ മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഇതോടെയാണ് വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഗതാഗത മന്ത്രാലയം രംഗത്തെത്തിയത്.

രാജ്യത്ത് റോഡ് ശൃംഖലകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അതോറിറ്റിക്ക് സൗദി മന്ത്രിസഭ രൂപം നല്‍കിയത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡുകള്‍ നിര്‍മിക്കുന്നത് വഴി അവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് അതിന് അനുസൃതമായ പദ്ധതികള്‍ അതോറിറ്റി നടപ്പിലാക്കും.

അതേപോലെ റോഡ് നിര്‍മിച്ച ശേഷം നിശ്ചിത കാലത്തേക്കുള്ള അവയുടെ മെയിന്റനന്‍സുമായി ബന്ധപ്പെട്ട ചുമതല നിര്‍മാണ കമ്പനികള്‍ക്കു തന്നെ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അതോറിറ്റി ആവശ്യമായ ഭേദഗതികള്‍ വരുത്തും. എന്നാല്‍, സൗദിയിലെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും നിലവിലില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ട്രെയിന്‍, മെട്രോ, ബസ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങിയവ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും.

പൊതുഗതാഗത സംവിധാനങ്ങള്‍ വര്‍ധിക്കുന്നതോടെ നിലവില്‍ സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതിലേക്ക് മാറുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബസ് സര്‍വീസുകള്‍ നേരത്തേ വ്യാപകമാക്കിയിരുന്നു. ഇത് റോഡിലെ തിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യവും പുതിയ അതോറിറ്റിയുടെ പരിഗണനയിലുണ്ട്.

മദീന എയര്‍പോര്‍ട്ടിലേക്ക് പുതുതായി നിര്‍മിച്ച റോഡിലെ ടാറിംഗ് ഇളകിയ സംഭവത്തില്‍ നടപടിയുമായി മദീന മുനിസിപ്പാലിറ്റി രംഗത്തെത്തി. നിര്‍മാണ കമ്പനി സ്വന്തം ചെലവില്‍ വീണ്ടും ടാറിംഗ് ചെയ്യണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട രീതിയില്‍ മികച്ച നിലയിലുള്ള ടാറിംഗ് വീണ്ടും ചെയ്യണമെന്നാണ് കരാര്‍ കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

റോഡിലുണ്ടായ തകാറുകളെ കുറിച്ച് നടത്തിയ പരിശോധനയില്‍ റോഡ് നിര്‍മാണത്തില്‍ വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റിയുടെ നടപടി. നിലവിലുള്ള ഉപരിതലം ഇളക്കിമാറ്റി കരാറില്‍ പറഞ്ഞ വ്യവസ്ഥ പ്രകാരം വീണ്ടും ടാര്‍ ചെയ്യണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.