
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തിങ്കളാഴ്ച അറിയിച്ചു.
വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങി വ്യക്തികളുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന വിദേശ തൊഴിലാളികൾക്ക് കമ്പനികളിലേക്ക് േജാലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും. ഇത്തരം ജോലിക്കാരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷൻ (തസ്തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഇൗ സേവനം നിർത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
തൊഴിലാളികളുടെ താമസച്ചട്ട ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ
ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് 30 ദിവസത്തെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ നൽകുമെന്ന് സൗദി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.
പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ പ്രത്യേക പ്രതിസന്ധികളിൽ 180 ദിവസം വരെ ജയിൽ ശിക്ഷ വർധിപ്പിച്ചേക്കാം. ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയുമായേക്കാം. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികളെ ഒന്നിച്ചു പാർപ്പിക്കുന്നതിന് താമസകേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയത്തിെൻറ ചട്ടങ്ങൾ അനുശാസിക്കുന്നു.
തൊഴിലാളികളുടെ അത്തരം താമസസ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ആഭ്യന്തര, മുനിസിപ്പൽ, ഗ്രാമീണ കാര്യങ്ങൾ, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്ഥിരം സമിതി മന്ത്രാലയം രൂപവത്കരിക്കും.
താമസ കേന്ദ്രങ്ങളിൽ റെയ്ഡുകൾ നടത്താനും നിയമലംഘനങ്ങൾ കണ്ടെത്താനും ഉചിതമായ പിഴ ഈടാക്കുകയോ കേന്ദ്രം അടച്ചുപൂട്ടേണ്ട ആവശ്യമുണ്ടോ ഇല്ലയോ തുടങ്ങിയ നിർദേശങ്ങളോടെ മുനിസിപ്പൽകാര്യ മന്ത്രാലയത്തിലേക്ക് റഫർ ചെയ്യാനും സമിതിക്ക് അധികാരമുണ്ട്.
കെട്ടിടങ്ങളുടെ പരിശോധന, തുടർനടപടികൾ, നിരീക്ഷണങ്ങൾ എന്നിവ ഏറ്റെടുക്കാൻ തയാറുള്ള സ്ഥാപനങ്ങളിൽനിന്ന് മന്ത്രാലയത്തിെൻറ ‘ബലദി’ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ അടിസ്ഥാനപരമായി ചില യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്.
സ്ഥാപനത്തിൽ മൂന്നോ അതിലധികമോ എൻജിനീയർമാർ, കുറഞ്ഞത് അഞ്ച് സാങ്കേതിക വിദഗ്ധർ എന്നിവർ ഉണ്ടാവണം. മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട സ്വദേശിവത്കരണം പൂർത്തിയാക്കിയിരിക്കണം. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് സൗദിയിൽ അവിദഗ്ധ മേഖലയിൽ 163 ലക്ഷം തൊഴിലാളികളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല