
സ്വന്തം ലേഖകൻ: സൗദി എണ്ണ ടാങ്കുകൾക്കും അരാംകോക്കും നേരെ തുടർച്ചയായ ഹൂതി ആക്രമണത്തിൽ ലോക വ്യാപക പ്രതിഷേധം. സൗദിയിലെ കിഴക്കൻ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയക്കും നേരെയാണ് ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായത്.
ലോകത്തിലെ പ്രധാന ഓയിൽ ഷിപ്പിങ് തുറമുഖങ്ങളിലൊന്നായ റാസ് തനൂറയിലെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിനു നേരെ ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. കടലിൽനിന്ന് വിക്ഷേപിച്ച ഡ്രോണാണ് ആക്രമിച്ചതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. മണിക്കൂറുകൾക്കകം മറ്റൊരു ആക്രമണത്തിൽ ബാലിസ്റ്റിക് മിസൈലിൽനിന്നുള്ള ചീളുകൾ ദഹ്റാനിലെ അരാംകോ റെസിഡൻഷ്യൽ ഏരിയക്ക് സമീപം വീണു.
വിവിധ രാജ്യക്കാരുൾപ്പെടെ നിരവധി ജീവനക്കാരും കുടുംബങ്ങളും താമസിക്കുന്ന പ്രദേശമാണ് ഇവിടം. ഇരു ആക്രമണങ്ങളും ലക്ഷ്യം കാണും മുമ്പ് സഖ്യസേന തകർത്തു. ആൾനാശമോ വസ്തുനാശമോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയൽ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ആവർത്തിച്ചുള്ള ഹൂതി ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നതായും വക്താവ് പറഞ്ഞു.
സാധാരണക്കാരെയും പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്കെതിരെ ഒരുമിച്ചുനിൽക്കാൻ ലോക രാജ്യങ്ങളോടും സംഘടനകളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു. ഇത്തരം അട്ടിമറി പ്രവർത്തനങ്ങൾ സൗദിയെ മാത്രമല്ല, ലോകത്തിെൻറ ഊർജ വിതരണത്തിലെ സുരക്ഷയെയും സ്ഥിരതയെയും അതുവഴി ആഗോള സമ്പദ്‌വ്യവസ്ഥയെയുമാണ് ലക്ഷ്യമിടുന്നത്.
പെട്രോളിയം കയറ്റുമതിയുടെ സുരക്ഷ, ലോക വ്യാപാര സ്വാതന്ത്ര്യം, സമുദ്ര ഗതാഗതം എന്നിവയെ ഇത്തരം ആക്രമണങ്ങൾ ബാധിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ ചോർച്ച മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങൾക്ക് തീരങ്ങളും പ്രദേശത്തെ ജലാശയങ്ങളും വിധേയമായേക്കാമെന്ന ആശങ്കയും സൗദി അറേബ്യ പങ്കുവെച്ചു.
അരാംകോ ആക്രമണത്തെ വിവിധ ലോക രാജ്യങ്ങളും ശക്തമായി അപലപിച്ചു. ആക്രണത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല