
സ്വന്തം ലേഖകൻ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അയാട്ടയുടെ ട്രാവല്‍ പാസ് അംഗീകരിക്കാനുള്ള തീരുമാനവുമായി സൗദി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും ഒപ്പുവച്ചു.
സൗദി അറേബ്യയുടെ കോവിഡ് 19 ആപ്പ് ആയ തവക്കല്‍നായിയിലെ ഹെല്‍ത്ത് പാസ്സ്പോര്‍ട്ട് സംവിധാനം അയാട്ടയുടെ ട്രാവല്‍ പാസ്സുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുക. ഇതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും അറിയിച്ചു.
ഇതുപ്രകാരം സെപ്റ്റംബര്‍ 30 മുതല്‍ സൗദിയിലേക്ക് വരുന്നവരും പോകുന്നവരുമായ അന്താരാഷ്ട്ര യാത്രക്കാരുടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നേരിട്ട് പരിശോധിക്കുന്നതിനു പകരം ഇതുമായി ബന്ധപ്പെട്ട അയാട്ടയുടെ ട്രാവല്‍ പാസ് സ്വീകരിക്കും.
അതേസമയം, തവക്കല്‍നാ ആപ്പോ അയാട്ടയുടെ ആപ്പോ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ടായിരിക്കും. ആദ്യ ഘട്ടത്തില്‍ യാത്രക്കാരുടെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പിന്നീട് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അയാട്ട ട്രാവല്‍ പാസ്സുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ ആഗോളതലത്തില്‍ അയാട്ടയുടെ ട്രാവല്‍ പാസ് സമ്പ്രദായം നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറി.
സൗദി അറേബ്യയുടെ സൗദിയ എയര്‍ലൈന്‍ ഉള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90ലേറെ വിമാനക്കമ്പനികള്‍ ചേര്‍ന്ന് അയാട്ടയുടെ ട്രാവല്‍ പാസ് പരീക്ഷണാര്‍ഥത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രാവല്‍ പാസ്സിന് അംഗീകാരം നല്‍കാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍, പനാമ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര വിമാന യാത്രികര്‍ക്ക് കോവിഡ് കാലത്തെ യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാക്കുന്നതിന് അയാട്ടയുമായുള്ള ഈ സഹകരണത്തിലൂടെ സാധ്യമാവുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദുവൈലിജ് അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്യാന്‍ വ്യോമയാന രംഗത്തെ പ്രാപ്തമാക്കുന്നതും ടൂറിസം രംഗത്തിന് ഉയിര്‍ത്തിഴുന്നേല്‍പ്പിന് അവസരം നൽകുന്നതുമാണ് അയാട്ടയുടെ ട്രാവല്‍ പാസ് സംവിധാനമെന്നും സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ ഇത് സഹായകമാവുമെന്നും സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഗാമിദിയും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല