
സ്വന്തം ലേഖകൻ: സൗദിയിൽ അനധികൃത താമസക്കാരെ സഹായിക്കുന്നവർക്കു 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴും ശിക്ഷ. ജോലി, താമസം, യാത്രാ എന്നിവ ഒരുക്കുന്നവർക്കുള്ള ശിക്ഷയാണ് പരിഷ്കരിച്ചത്. ഇതിനുപയോഗിക്കുന്ന കെട്ടിടം, വാഹനം എന്നിവ കണ്ടുകെട്ടും.
വാഹനവും കെട്ടിടവും മറ്റുള്ളവരുടെതാണെങ്കിൽ 10 ലക്ഷം റിയാലായിരിക്കും പിഴ. നിയമലംഘകർക്കു അഭയം നൽകുന്ന വിദേശികളെ നാടുകടത്തും. ഇത്തരം കേസുകളില്‍ പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷണം നടത്തി ക്രിമിനൽ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പുതിയ നിയമം 2 ആഴ്ചയ്ക്കകം പ്രാബല്യത്തിൽവരും.
റീ എൻട്രി വീസയിൽ (നാട്ടിൽ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച മുതൽ നിലവിൽ വന്ന പുതിയ തൊഴിൽ നിയമഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡ് യാത്രാ വിലക്കു നീട്ടിയതിനാൽ സൗദിയിൽ തിരിച്ചെത്താൻ ഇന്ത്യക്കാർക്കു മേയ് 17 വരെ കാത്തിരിക്കണം. അതിനാൽ സ്പോൺസർ വഴി രേഖകൾ പുതുക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അപേക്ഷ ലഭിച്ച് 10 ദിവസത്തിനകമാണ് റീ എൻട്രി വീസ നൽകുക. ഒരു മാസത്തിനകം രാജ്യം വിട്ടിരിക്കണം. തൊഴിൽകരാർ കാലാവധി അവസാനിച്ചാൽ റീ എൻട്രി വീസ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല