1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു ഇടങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ വാക്‌സിനേഷനില്‍ നിന്ന് ഇളവ് നേടിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല. അവരുടെ ആപ്പ് സ്റ്റാറ്റസില്‍ ഇക്കാര്യം വ്യക്തമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒക്ടോബര്‍ 10 മുതല്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് പ്രവേശനം വിലക്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമേ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാവൂ എന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കു മാത്രമേ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപങ്ങളിലും പ്രവേശനം അനുവദിക്കൂ എന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ഭാവിയില്‍ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ രോഗമുക്തി നേടിയവരുടെ ശരീരത്തിലെ ആന്റിബോഡിയുടെ സാന്നിധ്യം മാത്രം മതിയെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേകിച്ച്, കോവിഡിന്റെ പുതിയ വകഭേദങ്ങളെ തടയാന്‍ വാക്‌സിന്റെ രണ്ട് ഡോസുകള്‍ തന്നെ വേണം. അതേസമയം, കോവിഡ് മുക്തരായ ആളുകള്‍ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതോടെ രോഗം ബാധിക്കാത്തവരെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി ആര്‍ജിക്കാനാവും. രോഗമുക്തി നേടിയവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രത്യേക സമയപരിധി നിശ്ചിയിച്ചിട്ടില്ലെന്നും എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് വാക്‌സിന്‍ എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങളുടെയും വാക്‌സിനേഷന്‍ കാംപയിന്റെയും ഫലമായി കോവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനായതായി ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. നിലവില്‍ പ്രതിദിന കേസുകള്‍ 50ല്‍ കുറവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് നിലവില്‍ 2220 ആക്ടീവ് കോവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്തുള്ളത്.

ഇവരില്‍ 139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും അദ്ദേഹം അറിയിച്ചു. പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇന്നലെ പുതുതായി 59 പേര്‍ക്ക് കൂടി രോഗബാധ ഉണ്ടായതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 547,591 ആയി. ഇവരില്‍ 536,626 പേര്‍ രോഗമുക്തി നേടി. ഇന്നലത്തെ രണ്ട് മരണം ഉള്‍പ്പെടെ 8,745 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതിനകം 4.35 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. 2.36 കോടി ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്തെ ജനസംഖ്യയുടെ 56 ശതമാനത്തിലേറെ പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ പൊതു ഇടങ്ങളിലെ പ്രവേശനത്തിന് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് വലിയ തോതില്‍ വര്‍ധിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വരുംദിവസങ്ങളില്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, റെസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഒരു ടേബിളില്‍ 10 പേര്‍ക്ക് വരെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അനുമതി നല്‍കി. അതേസമയം, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമായവര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും മന്ത്രായം വ്യക്തമാക്കി.

പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അഥവാ വിഖായ മുന്നോട്ടുവച്ച കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടു വേണം പ്രവേശനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ 26 മുതല്‍ റെസ്റ്റൊറന്റുകളിലും കഫേകളിലും അകത്തിരുന്ന ഭക്ഷണം കഴിക്കുന്നത് നേരത്തേ അധികൃതര്‍ വിലക്കിയിരുന്നുവെങ്കിലും പിന്നീട് കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി അത് അനുവദിക്കുകയായിരുന്നു. ഒരു ടേബിളില്‍ പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരുന്നു അനുമതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.