1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2021

സ്വന്തം ലേഖകൻ: സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാറില്‍ ധാരണയായി. ജനുവരി ഒന്നു മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കരാര്‍ നടപ്പിലാവുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ സാധ്യമാവുകയും അതുവഴി ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാവുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ സിവില്‍ ഏവിയേഷനുമായി സൗദി ഒപ്പുവെച്ച എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഇന്ത്യയിലെയും സൗദിയിലെയും വിമാനങ്ങള്‍ വഴി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാം. ഇന്ത്യക്കാര്‍ക്കു പുറമെ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി ലഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഒമിക്രോണ്‍ വ്യാപന ഭീതിയില്‍ അന്താരാഷ്ട്ര വിമാനയാത്രകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ എയര്‍ ബബിള്‍ സര്‍വീസുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാവും.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് സൗദിയുമായുള്ള പുതിയ എയര്‍ ബബ്ള്‍ കരാറിന് ധാരണയായത്. നേരത്തെ ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സൗദി ഉള്‍പ്പെടെ 10 രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ടാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനുവരി ഒന്നു മുതല്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

അതേസമയം, കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുതേയുള്ളൂ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 23ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. കോവിഡ് വ്യാപനം അല്‍പം ശമിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഡിസംബര്‍ 15 മുതല്‍ വിലക്ക് നീക്കാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യയും സൗദിയും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ ഒപ്പിടാത്തതു കാരണം ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നത്. അതിനാല്‍ അര ലക്ഷത്തോളം രൂപയാണ് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. കാശ് മുടക്കാന്‍ തയ്യാറായാലും സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യവുമുണ്ട്. പുതിയ എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാകും കൂടുതല്‍ സര്‍വീസുകള്‍ നടത്തുക. ഇതോടെ ഇരു ഭാഗത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.