
സ്വന്തം ലേഖകൻ: സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. സൗദിയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ പുതുക്കുകയും പൊതു താൽപര്യത്തിലുള്ള പ്രാദേശികവും രാജ്യാന്തരവുമായ വിഷയങ്ങളിൽ ഉഭയകക്ഷി ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രിമാർ ഔദ്യോഗിക ചർച്ച നടത്തി.
രാജ്യാന്തര സമാധാനവും സുരക്ഷയും ചർച്ചയിൽ കടന്നുവന്നു. കൂടാതെ കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളും അവ പ്രതിരോധിക്കുന്നതിൽ ഇരു രാജ്യങ്ങൾ തമ്മിലെ പരസ്പര സഹായങ്ങളും അവലോകനം ചെയ്തു. സൗദി വിഷൻ 2030 പദ്ധതിയുടെ വെളിച്ചത്തിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു രാജ്യങ്ങൾക്കിടയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.
രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം ഊർജിതമാക്കുക, താലിബാൻ ഏറ്റെടുക്കലിന് ശേഷമുള്ള അഫ്‌ഗാൻ സ്ഥിതി ഗതികൾ, ഗൾഫ്, ഇന്തോ-പസഫിക് മേഖലയിലെ മറ്റു വിഷയങ്ങൾ എന്നിവയും ചർച്ചയിൽ വിഷയമായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് തുടങ്ങിയ പദ്ധതികളിലെ രാജ്യാന്തര പരിശ്രമങ്ങളും ചർച്ചയായി.
കോവിഡ് മൂലം താൽകാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ- സൗദി രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ മന്ത്രി ജയശങ്കർ പ്രിൻസ് ഫൈസലിനോട് ആവശ്യപ്പെട്ടു. കൂടാതെ 2019 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശന വേളയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ഉടമ്പടിയുടെ പുരോഗതി സംബന്ധിച്ചും ഇരു മന്ത്രിമാരും അവലോകനം ചെയ്തു.
രാഷ്ട്രീയ, സാമൂഹിക-സാംസ്കാരിക മേഖലകളിലും സുരക്ഷ സംബന്ധിച്ചും തന്ത്രപരമായ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതായിരുന്നു ചർച്ചയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ, സംസ്കാരം, കോൺസുലർ പ്രശ്നങ്ങൾ, ആരോഗ്യ പരിപാലനം, മാനവ വിഭവശേഷി എന്നിവയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരു നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിനിധികൾ ചർച്ച നടത്തിയതായി മന്ത്രിമാർ വിശദീകരിച്ചു.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ശനിയാഴ്ച വൈകുന്നേരമാണ് ഫൈസൽ രാജകുമാരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു മന്ത്രി ജയശങ്കറുമായുള്ള കൂടിക്കാഴ്ച. ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം ചർച്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല