
സ്വന്തം ലേഖകൻ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെട്ട് വ്യാജ ഫോൺ കോളുകൾ വ്യാപകമായി പ്രചരിക്കുന്നത്തോടെ പ്രവാസികൾ ജാഗ്രത പാലിക്കാൻ റിയാദിലെ ഇന്ത്യൻ എംബസിക്ക് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. പൗരന്മാരുടെയും താമസക്കാരുടെയും ടെലിഫോൺ നമ്പറുകളിലേക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ നിരവധി ഫോൺ കോളുകൾ ബന്ധപ്പെട്ട അതോറിറ്റി നിരീക്ഷിച്ചതായും മന്ത്രാലയം അറിയിച്ചു.
ആവശ്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ സുരക്ഷാ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയുമായാണ് ഫോൺ കോളുകൾ വരുന്നത്. ഇത് സത്യമാണെന്ന് വിശ്വസിച്ച് ആളുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് സംഘം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് രാജ്യത്തെ എല്ലാ എംബസികളോടും കോൺസുലേറ്റ്കളോടും മന്ത്രാലയം അഭ്യർഥിച്ചു.
അതിനിടെ സൗദി അറേബ്യയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാൻ അധികാരമേറ്റു. സൗദി വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾക്കു മുമ്പാകെ അധികാരപത്രം കൈമാറിയ ശേഷം ഇന്ത്യൻ എംബസിയിൽ പതാകയുയർത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഈ മാസം 26ന് റിപ്പബ്ലിക് ദിന ചടങ്ങിൽ അദ്ദേഹം എംബസിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല