
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസ് മാർച്ച് 31നു പുനരാരംഭിക്കുമെന്നു സൌദി അറേബ്യ അറിയിച്ചു. ഹജ്, ഉംറ തീർഥാടകർക്കും ഇതോടെ സൌദിയിൽ നേരിട്ടെത്താനാകും. കര, നാവിക കവാടങ്ങളും തുറക്കും. നിലവിൽ ഇന്ത്യയിൽനിന്നു നേരിട്ടു സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് അത്യാവശ്യക്കാർ സൌദിയിൽ എത്തുന്നത്.
സൌദിയിൽനിന്ന് ഇന്ത്യയിലേക്കു വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും തിരികെ ആളെ അയയ്ക്കാൻ അനുമതിയില്ല. എയർ ബബിൾ കരാർ വന്നാൽ മാത്രമേ മാർച്ചിനു മുൻപ് ഇന്ത്യക്കാരെ നേരിട്ടു സൌദിയിലെത്തിക്കാനാകൂ. കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞ മാർച്ച് 16ന് ആണു സൌദി രാജ്യാന്തര അതിർത്തി അടച്ചത്.
സൌദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്ച ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്ചയിൽ ഏഴ് സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന് സൌദി എയർലൈൻസ് വ്യക്തമാക്കി. റിയാദിൽ നിന്ന് ആഴ്ചയിൽ നാല് വിമാനങ്ങളും ജിദ്ദയിൽ നിന്ന് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും സർവിസ് നടത്തും.
ആദ്യ സർവിസ് തിങ്കാഴ്ച വൈകീട്ട് 4.40നാണ്. ഖത്തർ എയർവേസ് തിങ്കളാഴ്ച മുതൽ സൌദിയിലേക്ക് സർവിസ് ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്ച (ജനുവരി 14) ജിദ്ദയിലേക്കും ശനിയാഴ്ച (ജനുവരി 16) ദമ്മാമിലേക്കും വിമാനങ്ങളുണ്ടാകുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.
ഉപരോധത്തെ തുടർന്ന് മൂന്നര വർഷത്തിലധികമായി ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസുകൾ നിർത്തിവെച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഉപരോധം നീക്കാനും പ്രവേശന കവാടങ്ങൾ തുറക്കാനും ധാരണയായത്. അൽഉല കരാർ ഒപ്പിട്ട തൊട്ടടുത്ത ദിവസം സൌദിയുടെ േവ്യാമ പാത ഖത്തർ എയർവേസിന് തുറന്നു കൊടുത്തിരുന്നു.
കരമാർഗമുള്ള ആളുകളുടെ വരവ് ശനിയാഴ്ച ആരംഭിച്ചിട്ടുണ്ട്. സാൽവ പ്രവേശന കവാടം ശനിയാഴ്ചയാണ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്. വരും ആഴ്ചകളിലായി ഇരുരാജ്യങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവിസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സൌദിയിൽ നിന്നും അബു സമ്ര അതിര്‍ത്തി വഴി ഖത്തറിലേയ്ക്ക് എത്തുന്നവര്‍ ദോഹയിലെത്തി ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന് അധികൃതർ അറിയിച്ചു. സൌദിയില്‍ നിന്നും അബു സമ്ര വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കും ദോഹയില്‍ നിന്നും സൌദിയിലേക്ക് പോകുന്നവര്‍ക്കുമുള്ള പ്രവേശന, ക്വാറന്റീന് നയങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായതായി ഖത്തര്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജിസിഒ) അറിയിപ്പിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല