1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ പ്രവാസികളുടെ താമസരേഖയുടെയും വിസയുടെയും കാലാവധി നീട്ടുന്നതിനുള്ള സമയപരിധി 10 ദിവസത്തിനുള്ളില്‍ അവസാനിക്കും. ജനുവരി 31 വരെയാണ് ഇവ പുതുക്കാനുള്ള സമയമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു. ഡിസംബറില്‍ അവസാനിക്കേണ്ട കാലാവധി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു.

സൗദിയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന രാജ്യങ്ങളിലെ താമസക്കാരുടെ താമസരേഖയുടെയും എക്‌സിറ്റ് റിട്ടേണ്‍ വിസയുടെയും സമയപരിധിയാണ് നീട്ടുന്നത്. കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന്, രാജ്യത്തേക്ക് തിരിച്ചെത്താന്‍ കഴിയാത്തവരുടെ താമസരേഖയായ ഇഖാമ, റീ എന്‍ട്രി വിസ, സന്ദര്‍ശന വിസകള്‍ എന്നിവയുടെ കാലാവധി നീട്ടും.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം അനുസരിച്ചാണ് 2022 ജനുവരി 31 വരെ സൗജന്യമായി നീട്ടി നല്‍കിയത്. യാത്രാ വിലക്കുകള്‍ കാരണം സൗദിയിലേക്ക് വരാനാവാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തീരുമാനം ഗുണകരമാകും.

സൗദ വിദേശകാര്യ മന്ത്രാലയം ഇഷ്യൂ ചെയ്ത വിസിറ്റ് വിസകളുടെ കാലാവധിക്കും പുതിയ പ്രഖ്യാപനം ബാധകമാകും. നിലവില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ക്കാണ് ഈ ഇളവ് അനുവദിക്കുക. കോവിഡ് കാരണമുള്ള യാത്രാ വിലക്ക് നേരിടുന്ന രാജ്യക്കാര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് കാരണം ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രയാസങ്ങളും ലഘൂകരിച്ചു നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിസ പുതുക്കി ലഭിക്കുന്നതിനായി ജവാസാത്ത് ഓഫീസുമായോ മറ്റോ ബന്ധപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. വിസ പുതുക്കല്‍ നടപടിക്രമങ്ങള്‍ ഓട്ടോമാറ്റിക്കായി പൂര്‍ത്തിയാകും. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ നാടുകളില്‍ കുടുങ്ങിയവരുടെ വിസ കാലാവധി മുമ്പെ പലവട്ടം സൗദി അധികൃതര്‍ നീട്ടി നല്‍കിയിരുന്നു. അവസാനമായി നവംബര്‍ 30 വരെയായിരുന്നു നീട്ടി നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ പുതിയ ആനുകൂല്യം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.