1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ താമസ രേഖയായ ഇഖാമ (Saudi Resident Permit) കാലഹരണപ്പെട്ടാല്‍ സുരക്ഷാ അധികൃതര്‍ക്ക് പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സൗദി അറേബ്യയിലെ അറിയപ്പെടുന്ന നിയമവിദഗ്ധന്‍ സയ്ദ് അല്‍ ഷഅലാന്‍.

കാലഹരണപ്പെട്ട ഇഖാമയോ താമസാനുമതിയോ ഉള്ളത് രാജ്യത്ത് അറസ്റ്റുചെയ്യാനുള്ള സാധുവായ കാരണമല്ലെന്ന് ടിക് ടോക് വീഡിയോയിലൂടെ ഷഅലാന്‍ വിശദീകരിച്ചു. ഇഖാമ കാലഹരണപ്പെട്ടതിന്റെ പേരില്‍ ഒരു വിദേശിയെ അറസ്റ്റ് ചെയ്യാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും അനുവാദമില്ല. നിശ്ചിത തീയതിക്കകം ഇഖാമ പുതുക്കാത്ത വിദേശിയില്‍ നിന്ന് പിഴ ഈടാക്കാമെന്നല്ലാതെ തക്കതായ മറ്റൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഇഖാമ പുതുക്കാത്തത് മറ്റെന്തെങ്കിലും നിയമലംഘനം കാരണമാണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടാം.

പുതിയ വീസയില്‍ സൗദിയില്‍ പ്രവേശിച്ച് 90 ദിവസം വരെ ഇഖാമ നിര്‍ബന്ധമില്ല. ഈ സാവകാശത്തിനുള്ളില്‍ റെസിഡന്റ് ഐഡി നേടാത്തവര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും. സര്‍ക്കാര്‍ സേവന പ്ലാറ്റ്ഫോമായ അബ്ഷിര്‍ അല്ലെങ്കില്‍ മുഖീം പോര്‍ട്ടല്‍ വഴി ലഭിക്കുന്ന റെസിഡന്റ് ഐഡിക്കു വേണ്ടി മെഡിക്കല്‍ ടെസ്റ്റ് നടത്തിയതിന്റെ റിപോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം.

ഇഖാമയുടെ ഡിജിറ്റല്‍ പകര്‍പ്പ് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാക്കുന്ന സംവിധാനം 2021 മുതല്‍ ആരംഭിച്ചിരുന്നു. പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ റെസിഡന്‍സി പെര്‍മിറ്റ് നല്‍കുകയും ഇത് മൂന്ന് മാസം കൂടുമ്പോള്‍ പുതുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഇഖാമ ഫീസ് മൂന്ന് മാസം കൂടുമ്പോഴോ ആറ് മാസം കൂടുമ്പോഴോ അല്ലെങ്കില്‍ വര്‍ഷത്തിലോ അടയ്ക്കാം. വിദേശിയുടെ ആശ്രിതരായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഓരോ മൂന്ന് മാസത്തിലും ആശ്രിത ഫീസ് നല്‍കണം.

സൗദിയിലെ ആകെ ജനസംഖ്യ ഏകദേശം 3.22 കോടി ആണെന്നാണ് ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ട്. ഇതില്‍ 1.34 കോടി ജനങ്ങളും വിദേശികളാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 41.5% വരുമിത്. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളിലും സൗദി അറേബ്യ സമീപകാലത്ത് വലിയ പരിഷ്‌കരണങ്ങള്‍ നടത്തുകയും നിയമങ്ങള്‍ ഉദാരമാക്കുകയും ചെയ്തിരുന്നു.

അവധിക്ക് നാട്ടില്‍ പോയവര്‍ അല്ലെങ്കില്‍ റീ എന്‍ട്രി വീസക്കാര്‍ യഥാസമയം തിരിച്ചുവന്നില്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് അടുത്തിടെയാണ് പിന്‍വലിച്ചത്. റീ എന്‍ട്രി വീസക്കാര്‍ക്ക് വീസ കാലാവധി തീര്‍ന്നതിന് ശേഷം ഏത് സമയത്തും പുതിയ വീസയില്‍ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കാം. അതുപോലെ എക്‌സിറ്റ്/റീ-എന്‍ട്രി വീസയുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യക്ക് പുറത്തായിരിക്കുമ്പോഴും അബ്ഷിര്‍ അല്ലെങ്കില്‍ മുഖീം മുഖേന ഫീസ് അടച്ച് വീസ ഓണ്‍ലൈനായി നീട്ടാനും സൗദി ജവാസാത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.