1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2021

സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ നാടുകളില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയുടെയും (റെസിഡന്‍സി പെര്‍മിറ്റ്) എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയുടെയും കാലാവധി ഓഗസ്ത് 31 വരെ നീട്ടിയതായി സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിച്ചു. അതോടൊപ്പം സന്ദര്‍ശക വിസകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ജവാസാത്ത് വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി.

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ പ്രവാസികളോടൊപ്പം നില്‍ക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താല്‍പര്യമാണ് ഇതില്‍ പ്രകടമാകുന്നതെന്നും വിസ കാലാവധി നീട്ടുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.

വിസ കാലാവധി നീട്ടാന്‍ പ്രത്യേകിച്ച് അപേക്ഷകളോ മറ്റ് നടപടികളോ ആവശ്യമില്ലെന്നും അവയുടെ സ്വമേധയാ നീട്ടുന്നതിന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹാത്തോടെ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനത്തിന്റെ ഗുണഫലം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക് തുടരുക. ഇന്ത്യയുള്‍പ്പെടെ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഉടന്‍ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതു വരെ വന്നിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.