
സ്വന്തം ലേഖകൻ: മേഖലയിൽ ഇറാൻ സൃഷ്ടിക്കുന്ന അസ്ഥിരത അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും സൗദി സഹകരിക്കുമെന്നതുൾപ്പെടെ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് മുൻതൂക്കം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം. അയൽരാജ്യമായ ഇറാൻ വിഷയത്തിൽ നിഷേധാത്മക നിലപാടും നയവും തിരുത്തി പുതിയ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വാതിൽ തുറക്കാൻ സൗദി സദാസന്നദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എട്ടാമത് ശൂറാ കൗൺസിലിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ നടത്തിയ വിശദമായ നയപ്രഖ്യാപന പ്രസംഗത്തിൽ യെമനിലെ സംഘർഷം അവസാനിപ്പിക്കാനും ലെബനാനിലെ ജനതയ്ക്ക് സാമ്പത്തിക സഹായം നൽകാനും മേഖലയെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനും സൗദി മുൻകൈയെടുക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ലെബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂത്തികൾ, ഇറാഖിലെ ഹഷ്ദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ ഇറാൻ സഹായിക്കുന്നതായി സൗദി അറേബ്യയും സഖ്യകക്ഷികളും നേരത്തെ ആരോപിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതിയും മേഖലയിലെ സംഘർഷത്തിന് ആക്കം കൂട്ടി. പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന ഇസ്രായേൽ ഭീഷണിയും വിഷയത്തെ കൂടുതൽ കത്തിച്ചു. സൗദിക്ക് നേരെയുള്ള നിരന്തര ആകാശ ആക്രമണങ്ങൾ ആശങ്കയോടെ രാജ്യം കാണുന്നു. ഇത്തരം കുൽസിത ശ്രമങ്ങൾക്ക് നേരെയുള്ള രാജ്യാന്തര സമൂഹവുമായുള്ള സഹകരണം ഉറപ്പുവരുത്താൻ സൗദി തുടർന്നും പ്രവർത്തിക്കും.
യെമൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ‘ഗൾഫ് പദ്ധതി’, ദേശീയ സംവാദ സമ്മേളന തീരുമാനങ്ങൾ, യുഎൻ സുരക്ഷാ പ്രമേയം എന്നിവയ്ക്ക് അനുസൃതമായി രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുകയാണെന്നും സൽമാൻ രാജാവ് പറഞ്ഞു. ഇറാൻ പിന്തുണയോടെ യെമനിലെ വിമത ഹൂത്തികൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ നിയമാനുസൃത സർക്കറിന് തുടർന്നും പിന്തുണ നൽകും. യെമൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള സഹായങ്ങളും തുടരും. സൗദി അറേബ്യ ലെബനൻ സഹോദരങ്ങൾക്കൊപ്പം നിൽക്കുന്നതായി രാജാവ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, തീവ്രവാദ സംഘടനകളുടെ സങ്കേതമാകുന്നതിനു പകരം ആ രാജ്യത്തിൻറെ സ്ഥിരതയുടെയും സുരക്ഷയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞതിനാൽ അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് സൗദി. സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന വിഷൻ 2030 ന്റെ വിവിധ പരിവർത്തന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജാവ് അഭിനന്ദിച്ചു.
ഒപ്പം വിഷൻ 2030 ന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചും പരാമർശിച്ചു. ദൃഢവും വൈവിധ്യപൂർണവുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിച്ച് രാജ്യത്തിന്റെ അഭിവൃദ്ധിയും ജനങ്ങളുടെ മികച്ച ഭാവിയും ഉറപ്പാക്കുകയാണ് വിഷൻ ലക്ഷ്യമിടുന്നത്. എണ്ണ ഇതര വരുമാനം, സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള സാമൂഹിക പരിവർത്തന ആശയങ്ങൾ, വിനോദ സഞ്ചാരം വികസിപ്പിച്ച് ആഗോള സഞ്ചാരികൾക്ക് രാജ്യം തുറന്ന് കൊടുക്കൽ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളെയും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുൾപ്പെടെ വലിയ പദ്ധതികളുടെ പ്രധാന നേട്ടങ്ങളെയും എടുത്തുപറഞ്ഞു.
കോവിഡിന്റെ തുടക്കം മുതൽ ഏറ്റവും പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്നത് വരെയും ആരോഗ്യ സുരക്ഷാ മേഖലയിൽ രാജ്യം തുടരുന്ന ജാഗ്രത മഹത്തായതാണെന്നും പ്രവാസികളെയും പൗരന്മാരെയും ചേർത്ത് പിടിച്ച് നടത്തിയ മുന്നേറ്റം ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ധീരമായ നടപടികൾ കൈക്കൊള്ളുന്നതിനൊപ്പം, ആഗോള വിപത്തിനെതിരെ പോരാടുന്നതിന് രാജ്യാന്തര ആരോഗ്യ സംഘടനകൾക്കും സഹോദര രാജ്യങ്ങൾക്കും രാജ്യം നൽകിയ സാമ്പത്തിക പിന്തുണ തുടരുന്നുവെന്നും അറിയിച്ചു.
കൂടാതെ ലോകസമാധാനത്തിനു വേണ്ടിയുള്ള ലോക ശ്രമങ്ങളിലും മനുഷ്യവകാശ മുന്നേറ്റങ്ങളിലും കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുന്നതിലും സൗദി അറേബ്യ നേതൃപരമായ പങ്ക് വഹിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. രാജ്യത്തിന്റെ അഭ്യന്തര, വിദേശ നയങ്ങൾ മികവുറ്റതാണ്. രാജ്യാന്തര സമൂഹത്തിൽ സുപ്രധാന പങ്ക് സൗദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല