
സ്വന്തം ലേഖകൻ: സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിൽ പരിഷ്കാരം വരുത്തി സൗദി. ഒരാൾ സ്ഥാപനങ്ങൾക്കിടയിൽ സ്പോൺസർഷിപ്പ് മാറുമ്പോൾ ആ ദിവസം മുതലുള്ള ലെവി മാത്രം പുതിയ സ്പോൺസർ അടച്ചാൽ മതിയാകും. അതുവരെയുള്ള ലെവി പഴയ സ്പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ‘ക്വിവ’ വെബ്സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്കരണം വരുത്തിയത്.
ജോലി മാറുന്നതിന് മുൻപ് മുൻ തൊഴിലുടമ ലെവി ഉൾപ്പെടെയുള്ള ഫീസുകൾ അടക്കാതെ കുടിശ്ശിക വരുത്തിയാലും പുതിയ തൊഴിലുടമയിലേക്ക് തൊഴിൽ മാറ്റത്തിനായി തൊഴിലാളിയെ പ്രാപ്തനാക്കുന്നതാണ് പുതിയ സംവിധാനം. കുടിശ്ശിക തുക പുതിയ തൊഴിലുടമയുടെ ബാധ്യത ആകുന്നതിൽ നിന്നും തടയാനാകും.
തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിലുള്ള തൊഴിൽ കൈമാറ്റ നടപടിക്രമങ്ങളുടെ നടപടികൾ എളുപ്പത്തിലാക്കുന്നതിനും ആകർഷകമായ തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതുവരെ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനങ്ങളാണ് വർക്ക് പെർമിറ്റ് ഫീസ്, ലെവി കുടിശ്ശികകളും ഇഖാമ പുതുക്കാൻ കാലതാമസം വരുത്തുന്നതിനുള്ള പിഴകളും വഹിക്കേണ്ടിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല