1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2021

സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ മാറ്റം നിലവിലെ കരാറിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലായ പുതിയ തൊഴിൽ നിയമ പ്രകാരം കരാർ അവധി പൂർത്തിയായാൽ ഉടമയുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലിലേക്ക് മാറാമെന്ന ആനുകൂല്യം നിലവിൽ ഇരു കക്ഷികളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും.

തൊഴിൽ കരാർ മുഖേന തൊഴിലുടമയും ജീവനക്കാരനും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുക, തൊഴിലുടമയുടെ സമ്മതമില്ലാതെ പ്രവാസികൾക്ക് തൊഴിൽ മാറാൻ അവസരം ഒരുക്കുക തുടങ്ങിയ നിബന്ധനകളാണ് നിലവിൽ പ്രാബല്യത്തിൽ വന്ന തൊഴിൽ പരിഷ്കാരത്തിൽ ഉള്ളത്. തൊഴിൽ കരാർ അവസാനിക്കുന്ന മുറയ്ക്ക് സ്പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ് മാറാമെന്നതാണ് ഇതിലെ പ്രധാന ആകർഷണം.

രാജ്യത്തിനു പുറത്തു പോയി വരുന്നതിന് റീ എൻട്രി വീസ സ്വയം ഇഷ്യൂ ചെയ്യാൻ കഴിയുമെന്നതാണു മറ്റൊന്ന്. കരാർ അവസാനിക്കുമ്പോൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടു പോകാനും തൊഴിലാളിക്ക് കഴിയുന്നു. സ്‌പോൺസർഷിപ് മാറ്റം സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഖിവ’ വഴിയും രാജ്യത്തു നിന്നുള്ള പോക്കുവരവും രാജ്യം വിടലും ‘അബ്ഷിർ’ വഴിയുമാണു സാധ്യമാകുക. എന്നാൽ ഇവയെല്ലാം നിലവിലെ കരാർ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് നടക്കുകയെന്നാണു മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.

തൊഴിൽ വിപണിയിലെ വഴക്കവും ഫലപ്രാപ്തിയും മത്സരശേഷിയും വർധിപ്പിക്കാൻ ഈ സംരംഭം ഉപകരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സ്പോൺസർ വ്യവസ്ഥയിൽ ഇരുപാർട്ടികളും ഉണ്ടായിരുന്ന തർക്കങ്ങളും അവധി, രേഖകൾ ശരിയാക്കാൻ പോലെയുള്ള ആവശ്യങ്ങൾക്ക് നിലനിന്നിരുന്ന പ്രത്യേക നിയന്ത്രണങ്ങളും ചൂഷണങ്ങളും പുതിയ വ്യവസ്ഥയിൽ കുറയും.

എന്നാൽ ഏർപ്പെടുന്ന തൊഴിൽ കരാറിലെ നിബന്ധനകൾ ഈ ആനുകൂല്യങ്ങളെ റദ്ദു ചെയ്യുന്നവയാണോ എന്നു പരിശോധിക്കണമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തെ തൊഴിൽ നിയമം അനുശാസിക്കുന്ന വിഭാഗങ്ങളിലെ പ്രൊഫഷൻ ഇഖാമയിൽ രേഖപ്പെടുത്തിയ പ്രവാസികൾക്ക് മാത്രമാണ് ഇങ്ങനെ തൊഴിൽ മാറ്റം സാധ്യമാകുക.

അതോടൊപ്പം തൊഴിലാളി ആദ്യമായി സൗദിയിൽ എത്തിയവരാണെങ്കിൽ നിലവിലെ തൊഴിലുടമയുടെ കീഴിൽ ചുരുങ്ങിയത് 12 മാസമെങ്കിലും പൂർത്തിയാക്കുക എന്നതും നിർബന്ധമാണ്.. കൂടാതെ ഒരേ സമയം ഒന്നിൽ കൂടുതൽ തൊഴിൽ മാറ്റത്തിന് അപേക്ഷിച്ചവരും ആയിരിക്കരുത്. ഒരു അപേക്ഷയിൽ തീർപ്പ് ആകുന്നത് വരെ മറ്റു തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നത് സാധുവാകില്ല എന്നർഥം. നിലവിൽ സമർപ്പിക്കപ്പെട്ട തൊഴിൽ കരാറിന്റെ അവധി അനുസരിച്ച് അധികൃതർ നൽകിയ അറിയിപ്പ് കാലയവളവിന് അകത്തായിരിക്കും തൊഴിൽ മാറ്റം സാധ്യമാകുക. വീട്ടു ഡ്രൈവർ, ഹോം ഗാർഡ്, വീട്ടുജോലിക്കാരൻ, ഇടയൻ, തോട്ടക്കാരൻ അഥവാ കർഷകൻ തുടങ്ങി അഞ്ച് വിഭാഗങ്ങളിലൊഴികെ സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.