
സ്വന്തം ലേഖകൻ: വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് അവിടെ നിന്നും മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചികിത്സക്കിടയിലും കർമനിരതനായി ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക സൗകര്യത്തിലിരുന്ന് മന്ത്രിസഭ യോഗത്തെ വിഡിയോ കോൺഫറൻസിങ്ങിലൂടെ നയിച്ചത് വലിയ വാർത്താപ്രാധാന്യം നേടി. രാജ്യ തലസ്ഥാനത്തെ കിങ് ഫൈസൽ ആശുപത്രിയിൽ ഇരുന്നാണ് രാജാവ് യോഗത്തിന് നേതൃത്വം നൽകിയത്.
പിത്താശയത്തിലെ പഴുപ്പ് കാരണം തിങ്കളാഴ്ചയാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് നേരത്തെ റോയൽ കോർട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിറ്റേദിവസമാണ് മന്ത്രിസഭ യോഗം ചേർന്നത്. വൈദ്യ പരിചരണത്തെ തുടർന്ന് ആരോഗ്യനില തൃപ്തികരമാണ്.
ഇക്കാര്യം രാജാവ് തന്നെ മന്ത്രിസഭയിലെ അംഗങ്ങളെ അറിയിച്ചു. ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പഴുതടച്ച സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇറാഖുമായി സഹകരണവും ബന്ധവും ശക്തമാക്കാനുള്ള തന്ത്രപ്രധാന തീരുമാനങ്ങൾക്ക് മന്ത്രിസഭ പിന്തുണ നൽകി. പാകിസ്താനുമായുള്ള സഹകരണ കരാർ ഒപ്പുവെക്കാനും മന്ത്രിസഭ അംഗീകാരം നൽകി. ഇസ്ലാമിക കാര്യങ്ങളിൽ യു.എ.ഇയുമായി സഹകരണം ശക്തമാക്കും. മരുന്ന്, ഭക്ഷ്യ വിഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ബഹ്റൈനുമായും ടെലി കമ്യൂണിക്കേഷൻ, ഐടി മേഖലയിൽ ഈജിപ്തുമായും സഹകരണം ശക്തമാക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല